ഇൻഡോർ: മധ്യപ്രദേശ് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ആൾദൈവം കംപ്യൂട്ടർബാബ ജയിൽ മോചിതനായി. വ്യാഴാഴ്ച ഹേബിയസ് കോർപസ് പരാതി പരിഗണിക്കവെയായിരുന്നു കംപ്യൂട്ടർ ബാബയെന്ന നാംദേവ് ത്യാഗിയെ (54) മോചിപ്പിക്കാൻ ജസ്റ്റീസുമാരായ എസ്.സി. ശർമയും ശൈലേന്ദ്ര ശുക്ലയും അംഗമായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ഇൻഡോറിനു സമീപം ജംബൂർദി ഹപ്സി ഗ്രാമത്തിൽ രണ്ട് ഏക്കറോളം വരുന്ന സർക്കാർ ഭൂമി കൈയേറി ആശ്രമം നിർമിച്ചതിന് നവംബർ എട്ടിനാണ് കംപ്യൂട്ടർബാബയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. റൈഫിളും എയർപിസ്റ്റളും പോലീസ് പിടിച്ചെടുത്തിരുന്നു. കംപ്യൂട്ടർ ബാബയ്ക്ക് എതിരെ ഇൻഡോറിലെ രണ്ടു പോലീസ് സ്റ്റേഷനിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കംപ്യൂട്ടർ ബാബയ്ക്കു കമൽനാഥ് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നർമദ ട്രസ്റ്റ് ചെയർമാൻ സ്ഥാനവും സഹമന്ത്രി പദവിയും നല്‍കിയിരുന്നു. കമൽനാഥ് സർക്കാരിനു മുന്‍പുണ്ടായിരുന്ന ബിജെപി സർക്കാരും കംപ്യൂട്ടർ ബാബയ്ക്കു സഹമന്ത്രിപദവി നല്‍കിയിരുന്നു. 2018ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു.
നർമദ തീരത്ത് അനധികൃത മണൽഖനനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു കംപ്യൂട്ടർ ബാബ ബിജെപി ബന്ധം അവസാനിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതിനെ ബാബ വിമർശിച്ചിരുന്നു. കോൺഗ്രസിനായി പ്രചാരണം നടത്തിയ അദ്ദേഹം വഞ്ചകർ എന്നായിരുന്നു വിമതരെ വിശേഷിപ്പിച്ചത്.
Leave a Reply