മധ്യപ്രദേശിലെ സത്നയിൽ ബജ്രംഗ്ദൾ പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞുവച്ച വൈദികരെയും വൈദികാർഥികളെയും പുലർച്ചെ വിട്ടയച്ചു. വീണ്ടും രാവിലെ ഹാജരാകണമെന്ന നിർദ്ദേശം നൽകിയാണ് പോലീസ് ഇവരെ വിട്ടയച്ചത്. സെന്റ് എഫ്രേം സെമിനാരിയിലെ രണ്ടു വൈദികരെയും വൈദികാർഥികളെയുമാണ് പോലീസും സംഘപരിവാർ അനുകൂല സംഘടനയും ചേർന്ന് മണിക്കൂറുകളോളം തടഞ്ഞുവച്ചത്.
പോലീസ് നിർദ്ദേശം അനുസരിച്ച് ഇന്നു രാവിലെ സത്ന പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ വൈദികരും വൈദികാർഥികളും ഹാജരായി. ഇതിനിടെ ഗ്രാമവാസികളിൽ ഒരാളെക്കൊണ്ടു വൈദികർക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ മൊഴി നൽകിച്ചിട്ടുണ്ട്. മതം മാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജമൊഴിയാണ് ഇയാൾ നൽകിയിട്ടുള്ളത്. ഇത് വച്ച് കേസെടുക്കാനാണ് പോലീസും നീക്കം നടത്തുന്നത്.
സത്നയിൽ നിന്നു പന്ത്രണ്ടു കിലോമീറ്റർ ദൂരത്തുള്ള ബുംകാർ ഗ്രാമത്തിൽ പ്രദേശവാസികൾക്കായി ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ എത്തി സംഘർഷമുണ്ടാക്കിയത്. പുറത്തു നിന്നെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ വൈദികരെയും വൈദികാർഥികളെയും തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വൈദിക സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ സ്റ്റേഷനിൽ എത്തിച്ചതോടെ കൂടുതൽ ബജ്രംഗ്ദൾ പ്രവർത്തകർ എത്തി സ്റ്റേഷൻ വളയുകയായിരുന്നു.
ക്രിസ്മസ് ആഘോഷം അവസാനഘട്ടത്തിലെത്തിയപ്പോൾ ബജ്രംഗ്ദൾ പ്രവർത്തകർ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്നമുണ്ടാക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പ്രവർത്തകർ വൈദിക സംഘത്തെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനിടെ വൈദികരെയും വൈദിക വിദ്യാർഥികളെയും പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ ക്ളരീഷൻ വൈദികർ വന്ന കാർ സ്റ്റേഷനു പുറത്ത് അക്രമികൾ തീയിട്ടു.കാർ പൂർണമായും കത്തിനശിച്ചു.
സെന്റ് എഫ്രേം സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി എന്നിവരെയും 30 വൈദിക വിദ്യാർഥികളെയുമാണു സത്ന സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ തടഞ്ഞുവച്ചത്.
Leave a Reply