മധ്യപ്രദേശില്‍ മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്.

മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൈയും കാലും കെട്ടി ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രക്കിന് പിന്നില്‍ കെട്ടിവലിക്കുകയുമായിരുന്നു. ട്രക്കില്‍ കെട്ടിവലിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു.

ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആദിവാസി യുവാവായ കനയ്യ ലാല്‍ ഭില്‍ തന്റെ സുഹൃത്തുമായി കലന്‍ ഗ്രാമത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. കനയ്യ ലാലിന്റെ ബൈക്ക് ഗുജ്ജാര്‍ വിഭാഗത്തിലെ ഒരാളെ ഇടിച്ചു. ഇതില്‍ പ്രകോപിതരായ ഗുജ്ജാര്‍ വിഭാഗക്കാര്‍ വടികളും മറ്റും ഉപയോഗിച്ച് ആദിവാസി യുവാക്കളെ ആക്രമിച്ചു. ഇതില്‍ തൃപ്തരാകാത്ത അക്രമിസംഘം ലോറിക്ക് പിന്നില്‍ കെട്ടിയിട്ട് ദീര്‍ഘദൂരം വലിച്ചിഴയ്ക്കുകയായിരുന്നു.

ആദിവാസി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍, പരിക്കേറ്റ ഒരു കള്ളനെ പിടികൂടിയെന്നാണ് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ നീമച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനയ്യ ലാല്‍ മരിച്ചു. യുവാവ് മരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

സംഭവത്തില്‍ എട്ടു പേരെ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ