പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.
ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.
Leave a Reply