ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേയ്ക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറഞ്ഞിരുന്നു. 2014ല്‍ 63.13 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 60.46 ആയി കുറഞ്ഞു.

പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് അനുകൂലമാണ്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരിക്കുമെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്ക് സഭ വരുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. ഇത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. മറ്റെല്ലാം സര്‍വേകളും പറയുന്നത് ഇരു സംസ്ഥാനങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി, അല്ലെങ്കില്‍ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ്. ഇരു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകൾ നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാഞ്ഞിട്ടും പ്രതിപക്ഷ കക്ഷികളുടെ തന്നെ പിന്തുണയോടെ സുപ്രധാനവും വിവാദവുമായ ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ രാജ്യസഭയിൽ കൂടി പ്രതിപക്ഷത്തിൻ്റെ വെല്ലുവിളി പൂർണമായും അവസാനിപ്പിക്കേണ്ടത് ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ബിജെപി – ശിവസേന സഖ്യത്തിൻ്റെ ഏറ്റവും വലിയ താരപ്രചാരകർ. ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലും കേന്ദ്രീകരിച്ചു പ്രചാരണം ശക്തമാക്കി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതും മറ്റുമാണ് പ്രധാന ആയുധമാക്കിയത്. തങ്ങൾ വയ്ക്കുന്ന പ്രചാരണ അജണ്ടയിലേയ്ക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ബിജെപിക്ക് ഒരുപരിധി വരെ കഴിഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള നേതാക്കൾ ആർട്ടിക്കിൾ 370 സംബന്ധിച്ചും വി ഡി സവർക്കറിന് ഭാരത് രത്ന നൽകാനുള്ള തീരുമാനം സംബന്ധിച്ചും കോൺഗ്രസ് നേതൃത്വത്തിൻ്റേതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി. ആർട്ടിക്കിൾ 370 താൽക്കാലികമായാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്. വി ഡി സവർക്കറിനോട് എതിർപ്പില്ലെന്നും അദ്ദേഹത്തിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അജണ്ടയാക്കിയുള്ള ബിജെപിയുടെ പ്രവർത്തനങ്ങളോടാണ് കോൺഗ്രസിന് എതിർപ്പെന്നും മൻമോഹൻ സിംഗ് പറഞ്ഞത് വലിയ വിവാദമായി. കർഷക പ്രശ്നം രൂക്ഷമായ മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് എത്രത്തോളം ബിജെപി നേതൃത്വത്തിലുള് ഭരണസഖ്യങ്ങളെ ബാധിക്കുമെന്ന് പറയാനാകില്ല. ലോക് സഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും വൻ വിജയമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടിയത്.

മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള വിമത ശല്യമാണ് ബിജെപിയും ശിവസേനയും നേരിട്ട വെല്ലുവിളി. ഇത്തവണ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ പോലും കഴിയാത്ത നിലയിലാണ് കോൺഗ്രസും എൻസിപിയുമെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഒരു രസമില്ലെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രചാരണത്തിനിടെ പറഞ്ഞത്. അതേസമയം വിമതർ വല്ലാതെ കളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഫഡ്നാവിസ് പ്രവർത്തകരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപി – ശിവസേന സഖ്യവുമായി താരതമ്യപ്പെടുത്തിയാൽ കോൺഗ്രസ് – എൻസിപി സഖ്യം ദുർബലമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിനും എൻസിപിക്കും വിമതശല്യവും കൊഴിഞ്ഞുപോക്കും നേരിടേണ്ടി വന്നിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി പ്രസിഡൻ്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് സോണിയ ഗാന്ധി വീണ്ടും പ്രസിഡൻ്റ് ആയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും വിരലിലെണ്ണാവുന്ന റാലികളിൽ മാത്രം പങ്കെടുത്ത രാഹുൽ ഗാന്ധി പൊതുവെ നിസംഗതയാണ് പ്രചാരണത്തിൽ പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ളവരും അതൃപ്തരാണ് ഒപ്പം പ്രധാനമന്ത്രി മോദിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളും. ഇത്തരത്തിൽ വലിയ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരിയാനയില്‍ 32 മുതല്‍ 44 വരെ സീറ്റ് ബിജെപിക്കും 30 മുതല്‍ 42 വരെ സീറ്റ് കോണ്‍ഗ്രസിനുമാണ് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചിരിക്കുന്നത്. ഐഎന്‍എല്‍ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ മകന്‍ അജയ് സിംഗ് ചൗട്ടാലയും കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാലയും നയിക്കുന്ന ജനനായക് ജനതാ പാര്‍ട്ടി (ജെജപി) ആറ് മുതല്‍ 10 വരെ സീറ്റുകള്‍ നേടിയേക്കാമെന്നും ഇന്ത്യ ടുഡേ പറയുന്നു. അതേസമയം മഹാരാഷ്ട്രയി ബിജെപി – ശിവസേന സഖ്യം 166നും 194നും ഇടയിൽ സീറ്റുകൾ നേടി ഭരണത്തുടർച്ച നേടുമെന്നാണ് ഇന്ത്യ ടുഡേ പ്രവചിച്ചത്.

ടൈംസ് നൗവിന്റേതുള്‍പ്പടെയുള്ള മൂന്ന് സര്‍വേകള്‍ 200ലധികം സീറ്റാണ് മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യത്തിന് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് 75 സീറ്റില്‍ കൂടുതല്‍ ഒരു സര്‍വേയും പ്രവചിക്കുന്നില്ല. ടൈംസ് നൗ, ടിവി മറാത്തി സിസെറോ, സിഎന്‍എന്‍ ന്യൂസ് 18-ഐപിഎസ്ഒഎസ്, ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ തുടങ്ങിയവയുടെ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഇതില്‍ ടിവി മറാത്തി, ഇന്ത്യ ടുഡേ സര്‍വേകള്‍ ഒഴികെയുള്ളവയെല്ലാം എന്‍ഡിഎ 200 സീറ്റിന് മുകളില്‍ നേടുമെന്ന് പ്രവചിക്കുന്നു. ടിവി മറാത്തി 197 സീറ്റാണ് ബിജെപി ശിവസേന സഖ്യത്തിന് നല്‍കുന്നത്. കോൺഗ്രസിന് 75ഉം മറ്റുള്ളവര്‍ക്ക് 10ഉം.

മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം 230 സീറ്റുകളിലും കോൺഗ്രസ് – എന്‍സിപി സഖ്യം 48 സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലും ജയിക്കുമെന്ന് ടൈംസ് നൗ പറയുന്നു. ബിജെപി – ശിവസേന സഖ്യത്തിന് 243, കോൺഗ്രസ് – എന്‍സിപി സഖ്യത്തിന് 41, മറ്റുള്ളവര്‍ക്ക് നാല് എന്നാണ് സിഎഎന്‍ ന്യൂസ് 18 പ്രവചനം.

ഹരിയാനയില്‍ ബിജെപി 71 സീറ്റും കോഗ്രസ് 11 സീറ്റും നേടുമ്പോള്‍ ഐഎന്‍എല്‍ഡി – അകാലി ദള്‍ സഖ്യത്തിന് ഒന്നും കിട്ടില്ല. മറ്റ് കക്ഷികൾ എട്ട് സീറ്റ് നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലി ദള്‍ – 0-1, മറ്റുള്ളവര്‍ 1-3 എാണ് ഇന്ത്യ ന്യൂസ് – പോള്‍സ്ട്രാറ്റ് പ്രവചനം. ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് പറയുന്നത് ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലിദള്‍ 0 -1, മറ്റുള്ളവര്‍ 1-3 എന്നിങ്ങനെയാണ്.