മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ അനിശ്ചിതത്വത്തിനിടയിൽ കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശരദ് പവാർ പറഞ്ഞത് എൻസിപി പ്രതിപക്ഷത്തിരിക്കും എന്നായിരുന്നു. എൻസിപിയും ശിവസേനയും ചേർന്നുള്ള ഒരു സര്‍ക്കാരിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരുടയും യോഗത്തിനു മുമ്പു തന്നെ ഊഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ഉറപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയാണ് എൻസിപിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എൻസിപിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ട്. ഇതിന് കടുത്ത ചില ഉപാധികളും അവർ മുമ്പോട്ടു വെക്കുന്നു. ഒന്ന്, ശിവസേന എൻഡിഎ വിടണം. രണ്ട്, അവർ തങ്ങളുടെ തീവ്ര നിലപാടുകൾ‌ അമർത്തിവെക്കണം.

ബിജെപി-ശിവസേന സഖ്യത്തിൽ‌ സർക്കാർ വരുന്നില്ലെന്നാണെങ്കിൽ സർക്കാർ രൂപീകരിക്കാൻ എൻസിപി ശ്രമിക്കുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക് പറയുകയുണ്ടായി. ശിവസേനയുമായി ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഒരു പാർട്ടിയോടും ഞങ്ങൾക്ക് അയിത്തമില്ല,’ എന്ന മറുപടിയാണ് ലഭിച്ചത്. ശിവസേനയ്ക്കുള്ളിലും ബിജെപിയെ ഒഴിവാക്കിയുള്ള സർക്കാർ എന്ന മനോഭാവം ശക്തമായിത്തീർന്നിട്ടുണ്ട്. ഞായറാഴ്ച തന്നെ എൻസിപി നേതാക്കളോട് ശിവസേന തങ്ങളുടെ മനോഗതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന എൻസിപി നേതാവ് അജിത് പവാർ തനിക്ക് ശിവസേനാ എംപി സഞ്ജയ് റൗത്തിൽ നിന്നും ലഭിച്ച ഒരു എസ്എംഎസ് മാധ്യമപ്രവർത്തകരെ കാണിക്കുകയുണ്ടായി. ആശംസകളറിയിച്ചുള്ള ചെറിയൊരു സന്ദേശമായിരുന്നു അത്. ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം അടുക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിൽ കാണുന്നതെന്നാണ് പൊതു വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ശിവസേനാ നേതാവായ കിഷോർ തിവാരി കത്തയച്ചെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നിരിക്കിലും ശിവസേനയുടെ ഒരു പൊതുവികാരം ബിജെപിയുമൊത്തുള്ള സർക്കാർ രൂപീകരണത്തിന് എതിരാണ്. ശിവസേനയെ തകർത്ത് മഹാരാഷ്ട്രയിൽ മുന്നേറ്റം ആഗ്രഹിക്കുന്ന ഒരു കക്ഷിയുമൊത്തുള്ള ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തിൽ ആത്മഹത്യാപരമായിരിക്കുമെന്ന് ശിവസേനാ നേതാക്കൾ‌ കരുതുന്നുണ്ട്. 288 അംഗ നിയമസഭയിൽ 161 സീറ്റുകളാണ് ശിവസേന-ബിജെപി സഖ്യം നേടിയത്. ഏറ്റവും വലിയ കക്ഷിയായി മാറിയ ബിജെപിക്ക് പിന്തുണ നൽകി ഭരണത്തിൽ സുഖകരമായി കയറിയിരിക്കാമെന്നിരിക്കെയാണ് ശിവസേന ബദൽ മാർഗങ്ങൾ തിരയുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ നടക്കുന്ന അശ്വമേധംമൂലം നിലനിൽപ്പു തന്നെ പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് ശിവസേനയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ശിവസേനയെ ബിജെപി വിഴുങ്ങുന്ന സ്ഥിതിയാണുള്ളത്.

ശിവസേന മുൻകൈയെടുത്താൽ മാത്രമേ സർക്കാർ രൂപീകരണത്തെക്കുറിച്ച ആലോചിക്കൂ എന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പറയുന്നത്. നവംബർ 7നു മുമ്പ് സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ‌ രാഷ്ട്രപതിഭരണം ഏർ‌പ്പെടുത്തുമെന്ന ബിജെപി നേതാക്കളുടെ ഭീഷണികളെ പ്രതിരോധിക്കുന്നതും എൻസിപിയാണ്. അത്തരമൊരു സാഹചര്യം നിലവിൽ വരില്ലെന്നും അതിന് എൻസിപി അനുവദിക്കില്ലെന്നും നവാബ് മാലിക്ക് പറഞ്ഞു.

കോൺഗ്രസ്സിന്റെ കൂടി പിന്തുണയോടെ മാത്രമേ എൻസിപി-ശിവസേന സർക്കാരിന്റെ രൂപീകരണം നടക്കൂ. സേനയ്ക്ക് 56 അംഗങ്ങളാണുള്ളത്. എൻസിപിക്ക് 54ഉം കോൺഗ്രസ്സിന് 44ഉം അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ് പുറത്തു നിന്നും പിന്തുണ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനുള്ള ധാരണ കഴിഞ്ഞദിവസം സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ പവാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന തത്വത്തിന്റെ പുറത്താണ് കോൺഗ്രസ്സിന്റെ പുറത്തു നിന്നുള്ള പിന്തുണ.