ഷെറിൻ പി യോഹന്നാൻ

കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്‌, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.

പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.

രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.

Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.