പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുരുഷ നേഴ്‌സിനെ മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരനായ പ്രസാദിനെ (27) മര്‍ദ്ദനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നെഞ്ചിനും തലക്കും പരുക്കേറ്റ പ്രസാദിന് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്.
‘വിക്ടോറിയ കോളെജ് ക്യാംപസിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പരുക്കേറ്റ രണ്ടു വിദ്യാര്‍ത്ഥികളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് അവിടെ 10ഓളം രോഗികള്‍ വേറെയുമുണ്ടായിരുന്നു. മുന്‍ ഡി.വൈ.എഫ്. ഐ നേതാവായ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിക്കാനായി മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. വളരെ ചെറിയ ഒരു മുറിയാണ് കാഷ്വാലിറ്റി. തിരക്കു വര്‍ദ്ധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതുകൊണ്ട് പുറത്തു കാത്തുനില്‍ക്കാന്‍ പ്രസാദ് അവരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായത്..’ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബൂബക്കര്‍ പറഞ്ഞു.താന്‍ മുന്‍ ലോക്‌സഭാ അംഗമാണെന്ന് പറഞ്ഞുകൊണ്ട് പ്രസാദിനെ അദ്ദേഹം തല്ലുകയായിരുന്നുസി.എം.ഒ. ആരോപിച്ചു. പ്രസാദ് ഇപ്പോഴും ഐ.സി.യു.വിലാണ്.
‘എം.പി. ആണ് ആദ്യം എന്നെ തല്ലിയതും അടിച്ചതും. പിന്നെ കൂട്ടം ചേര്‍ന്നും മര്‍ദിച്ചു’ പ്രസാദ് പറഞ്ഞു.താന്‍ വളരെ മാന്യമായാണ് ചോദിച്ചത്. ഒരാള്‍ നിന്നാല്‍ പോരേ. ഇത്രയും പേരു വേണോ എന്ന്.സംഭവവുമായി ബന്ധപ്പെട്ട് നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രസാദിനെ മര്‍ദിക്കുന്നത് കൃഷ്ണദാസ് കൈയും കെട്ടി നോക്കിനിന്നുവെന്നും സി.എം.ഒ. ആരോപിച്ചു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കൃഷ്ണദാസ് നിഷേധിച്ചു. താന്‍ തല്ലിയിട്ടില്ലെന്നും തല്ലാന്‍ ശ്രമിച്ചവരെ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുന്‍ എം.പി.യും സി.പി.എം നേതാവുമായ എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞു. താന്‍ പ്രസാദിനെ തല്ലിയിട്ടില്ല. പ്രസാദ് താന്‍ ഉള്‍പ്പെടെയുള്ള സംഘത്തോട് മോശമായി പെരുമാറിയപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അയാള്‍ താഴെ വീഴുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ തല്ലാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും അതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
പ്രസാദിനോട് ഒരു വിദ്വേഷവും തോന്നേണ്ട ആവശ്യം തനിക്കില്ല. ഇനി പ്രസാദിനെ തല്ലണമെന്ന് തനിക്കുണ്ടെങ്കില്‍ താന്‍ സ്വയം അത് ചെയ്യില്ല. തനിക്ക് വേണ്ടി അത് ചെയ്യാന്‍ വേറെ ആളുകളുണ്ട്. ‘പാലക്കാട്ടുള്ള ആരോട് വേണമെങ്കിലും എന്നെക്കുറിച്ച് അന്വേഷിച്ചുനോക്കൂ..ഇതിന്റെയൊക്കെ പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളാണ്. എന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. എന്റെ സുഹൃത്തുക്കളായ അവിടത്തെ ഡോക്ടര്‍മാര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്…’ കൃഷ്ണദാസ് പറഞ്ഞു.