ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വില്യമും ഹാരിയും തമ്മിലുള്ള അകൽച്ച നീങ്ങുവാൻ ഇരുവരുടെ മനോഭാവങ്ങളിൽ ശക്തമായ മാറ്റം വേണമെന്ന് മുന്നറിയിപ്പുകൾ വിദഗ്ധർ നൽകി കഴിഞ്ഞിരിക്കുകയാണ്. രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും തമ്മിൽ നിലവിലുള്ള താൽക്കാലിക സന്ധി ഉണ്ടാവുകയില്ല എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വിൻഡ്സർ കാസ്റ്റിലിൽ വെച്ച് ജനക്കൂട്ടത്തെ കാണാൻ എത്തിയപ്പോൾ ഇരുവരും തങ്ങളുടെ ഭാര്യമാരോടൊപ്പം ഒരുമിച്ചായിരുന്നു എത്തിയത്. തുടർന്നുള്ള മരണാനന്തര ചടങ്ങുകളിലും ഇരുവരും ഒരുമിച്ചു പങ്കെടുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് മാത്രം ഉണ്ടായ ഒരു ബന്ധമാണ് ഇരുവരും തമ്മിൽ ഉള്ളതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഹാരിയുടെ ഭാര്യ മേഗൻ തന്റെ സ്പോട്ടിഫൈ പോഡ്കാസ്റ്റുമായും, ഹാരി തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു സമാധാന സന്ധി ഇരുവരും രാജകുടുംബവുമായി ഉണ്ടാക്കുവാൻ സാധ്യത കുറവാണ്. സെപ്റ്റംബർ 19ന് നടക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഇരുവരും മൃതദേഹത്തിന് അരികിലൂടെ ഒരുമിച്ച് നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി കഴിഞ്ഞ വ്യാഴാഴ്ച സ്കോട്ട്ലൻഡിലെ ബാൽമോറലിലുള്ള തന്റെ വേനൽക്കാല വസതിയിൽ വെച്ച് തൊണ്ണൂറ്റിയാറാം വയസ്സിലാണ് മരണപ്പെട്ടത്.


എന്നാൽ നിലവിലെ സമാധാന സന്ധി തുടർന്ന് ഉണ്ടാവുകയില്ല എന്ന മുന്നറിയിപ്പുകളാണ് വിദഗ്ധരെല്ലാം തന്നെ നൽകുന്നത്. ഇരുവരും ഒരുമിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്ന വാർത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അമ്മ ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായി സ്‌മാരകം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് വില്യമും ഹാരിയും ഒരുമിച്ച് പൊതുവേദികളിൽ പങ്കെടുക്കുന്നത്.