ലണ്ടന്‍: ബ്രിട്ടനിലെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തണമെന്ന് മുതിര്‍ന്ന ഗൈനക്കോളജിസ്റ്റും റോയല്‍ കോളേജ് ഓഫ് ഒബ്‌സറ്റ്ട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റുമായ പ്രൊഫ.ലെസ്ലി റീഗന്‍. അനാവശ്യ ഗര്‍ഭങ്ങള്‍ ഇല്ലാതാക്കാനുള്ള ഗുളികകള്‍ നല്‍കാനുള്ള അനുമതി നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നല്‍കണമെന്നാണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമാണ്. ഇത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇളവ് ചെയ്യണമെന്ന് റീഗന്‍ ആവശ്യപ്പെട്ടു. ഇപ്പോളുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്താന്‍ എംപിമാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1967ലെ അബോര്‍ഷന്‍ നിയനം കാലഹരണപ്പട്ടതാണ്. അടിയന്തരമായി ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കു മുന്നില്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന പ്രതിബന്ധങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ഈ നിയമങ്ങള്‍ പൊളിച്ചെഴുതിയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് എന്‍എച്ച്എസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ കാലതാമസം മൂലം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന മരുന്നുകള്‍ തേടിപ്പോകുമെന്നും അവര്‍ പറഞ്ഞു. ഇത് അപകടകരമായ സാഹചര്യമാണ്. ഗര്‍ഭച്ഛിദ്ര പരിചരണത്തിന് പരിശീലനം നേടിയ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് അവര്‍ പറഞ്ഞു.

15 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും അനുമതി നല്‍കണമെന്നതാണ് ഇവര്‍ നല്‍കുന്ന മറ്റൊരു നിര്‍ദേശം. മരുന്നുകള്‍ നല്‍കാനും വാക്വം ആസ്പിരേഷന്‍ എന്ന മാര്‍ഗം ഉപയോഗിക്കാനുമുള്ള അനുമതിയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായവും ഗര്‍ഭിണിയുടെ മാനസിക, ശാരീരികാവസ്ഥകളും പരിഗണിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത്.