ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ താലിബാന്റെ വെടിയേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായിക്ക് മാംഗല്യം. യു കെയിലെ ബിർമിങ്ഹാമിലെ വീട്ടിൽ വച്ച് ആയിരുന്നു വിവാഹം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഓപ്പറേഷൻസ് മാനേജർ അസ്സർ മാലിക് ആണ് വരൻ. വിവാഹ ദിനത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ മലാല പങ്കുവെച്ചു. വീട്ടിൽ വച്ച് നടന്ന കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അസ്സറിനോടൊപ്പം ജീവിതം ആരംഭിച്ചെന്നും, എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും മലാല ട്വിറ്ററിൽ കുറിച്ചു. ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയ സമയം വ്യക്തമല്ലെങ്കിലും, ജൂലൈയിൽ അസ്സർ മലാലയ്ക്കായി പിറന്നാൾ ദിനാശംസകൾ ട്വിറ്ററിൽ കുറിച്ചിരുന്നു.
പതിനഞ്ചാം വയസ്സിലാണ് പാകിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ട ശ്രമങ്ങൾക്കിടയിൽ മലാലയ്ക്ക് വെടിയേറ്റത്. അതിനുശേഷം ലോകമെമ്പാടുമുള്ള സ്ത്രീ അവകാശങ്ങളുടെ പ്രതീകമായി മലാല മാറുകയായിരുന്നു. അപകടത്തിനു ശേഷം പിന്നീട് യു കെയിൽ ആയിരുന്നു മലാല താമസിച്ചിരുന്നത്. ഓക്സ്ഫോർഡിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച മലാലയ്ക്ക് ഭൂരിഭാഗം ലോക നേതാക്കന്മാരുമായും സൗഹൃദം സ്ഥാപിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടായി. മകളുടെ വിവാഹം അവളുടെ പൂർണ്ണ സ്വതന്ത്ര തീരുമാനമാണെന്ന് പിതാവ് യൂസഫ് സായി മാധ്യമങ്ങളോട് പറഞ്ഞു. ഒരുതരത്തിലുള്ള പ്രേരണകളും മകൾക്കു മേൽ ഏൽപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ൽ പതിനേഴാം വയസ്സിൽ ആണ് മലാലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
Leave a Reply