ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണല്‍ കണ്‍വെന്‍ഷന്‍ 2017 ജൂണ്‍ 17, 18 (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരും സംബന്ധിക്കും. യു.കെയിലുള്ള സീറോ മലങ്കര സഭയുടെ പതിനാല് മിഷനുകളിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ കുടുംബം സഭയിലും സമൂഹത്തിലും എന്ന വിഷയം പഠന വിധേയമാക്കും.

ആദ്യദിനത്തില്‍ കാത്തോലിക്കാ പതാക ഉയര്‍ത്തലോടെ പരിപാടിക്ക് ആരംഭം കുറിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന മാതാപിതാക്കള്‍ക്കായുള്ള സെമിനാറിന് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാറിന് സെഹിയോന്‍ മിനിസ്ട്രി ടീം നേതൃത്വം നല്‍കും. നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ ചര്‍ച്ച ദിവ്യകാരുണ്യ ആരാധന എന്നിവയും തുടര്‍ന്ന് നടക്കും. മ്യൂസിക്കല്‍ വര്‍ഷിപ്പിന് കെയ്റോസ് മിനിസ്ട്രി ടീം അംഗങ്ങളായി ബ്ര. റെജി കൊട്ടാരവും പീറ്റര്‍ ചേരാനെല്ലൂരും നേതൃത്വം നല്‍കും. വിവിധ മിഷന്‍ സെന്ററുകളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആദ്യ ദിനത്തെ പരിപാടികള്‍ പൂര്‍ണ്ണമാകും.

പതിനെട്ടിന് രാവിലെ ഒന്‍പത് മണിക്ക് പ്രേഷിതറാലിയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കര്‍ദ്ദിനാളിനും പിതാക്കന്‍മാര്‍ക്കും സ്വീകരണം. തുടര്‍ന്ന് നടക്കുന്ന പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിവിധ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരാവും. സമാപന സമ്മേളനത്തോടെ നാഷണല്‍ കണ്‍വെന്‍ഷന് സമാപനം കുറിക്കും.

ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് രണ്ട് ദിവസത്തെ പരിപാടികള്‍ ക്രമീകരിക്കപ്പെടുക. മലങ്കര കാത്തോലിക്കാ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും, ചാപ്ലൈന്‍ ഫാ. രഞ്ജിത്ത് മഠത്തിപറമ്പിലിന്റെയും നാഷണല്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹിത്വം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം: മാര്‍ തെയോഫീലോസ് നഗര്‍, BROAD GREEN INTERNATIONAL SCHOOL, HELIERS ROAD, LIVERPOOL, L13 4 DH.

ലിവര്‍പൂളിലെ സെന്റ് ബേസില്‍ മലങ്കര കാത്തലിക് മിഷനാണ്. ഇത്തവണത്തെ നാഷണല്‍ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0745992969 വിനോദ് മലയില്‍
07846115431 സുനില്‍ ഫിലിപ്പ്