‘‘ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് തീപടർന്ന ഒരു ശരീരം മരണവെപ്രാളത്തിൽ മതിലുചാടി കിണറിന്റെ ഭാഗത്തുകൂടി ഓടുന്നതാണ്. തീയാളിക്കത്തുന്ന വാഹനത്തിൽ നിന്ന് തുടർച്ചയായി സ്ഫോടന ശബ്ദങ്ങളും കേട്ടതോടെ അടുക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതോടെ 50 മിനിറ്റോളം രക്ഷാപ്രവർത്തനം വൈകി’’ കൊണ്ടിപറമ്പിലെ ദാരുണസംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ സമീപവാസി ആഷിഖിന്റെ വാക്കുകൾ. ആരാണ് ഓടുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആദ്യം മനസ്സിലായിരുന്നില്ലെന്ന് ആഷിഖ് പറയുന്നു.

വാഹനത്തിന്റെ ഇടതുവശത്തെ വാതിൽ അടഞ്ഞും വലതുവശത്തേത് തുറന്നും കിടക്കുന്ന നിലയിലായിരുന്നു. മുഹമ്മദാണ് ഓടിയതെന്നും കിണറ്റിൽ ചാടിയെന്നും വ്യക്തമായതോടെ രക്ഷിക്കാനായി അങ്ങോട്ട് ചെന്നു. വാഹനത്തിലെ തീയണയ്ക്കാൻ പൈപ്പുമായി ചെന്നപ്പോൾ സ്ഫോടനം കേട്ട് പിന്മാറി. 15 മിനിറ്റിനു ശേഷം വീണ്ടും ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വാഹനത്തിൽനിന്ന് തെറിച്ചുവീണ ചെറിയ കുട്ടിയെ ചിലർ മണ്ണിലൂടെ ഉരുട്ടിയും മറ്റും രക്ഷപ്പെടുത്തിയെന്നും അറിഞ്ഞു.

നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട്ടേയ്ക്കുള്ള വഴിയിൽ 11 കിലോമീറ്റർ അകലെ കീഴാറ്റൂർ പഞ്ചായത്തിലാണ് കൊണ്ടിപറമ്പ്. അൽപം അകത്തേക്കുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയും പൊലീസുമൊക്കെ വൈകിയാണ് എത്തിയത്. മറ്റൊരു വാഹനത്തിലെ ഫയർ എക്സ്റ്റിങ്ഗ്യുഷറെടുത്താണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. ബക്കറ്റും വെള്ളവുമായി ആളുകളും കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

ഭാര്യയെയും മക്കളെയും തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ ടി.മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊടക്കാടൻ സൽമാൻ പറഞ്ഞു. ‘സംഭവമറിഞ്ഞ് ഞങ്ങൾ എത്തിയപ്പോൾ ഓട്ടോ ആളിക്കത്തുന്നതാണു കണ്ടത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായിരുന്നതിനാൽ അടുത്തേക്കു ചെല്ലാനായില്ല.

വൈദ്യുത ലൈൻ മുട്ടി തീ ജ്വാലകൾ ഉയർന്നതിനാൽ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞ് വൈദ്യുതി വിഛേദിച്ചു. അപ്പോഴേക്കും ഓട്ടോയിലെ അനക്കം ഏതാണ്ടു നിലച്ചിരുന്നു. അതുകൊണ്ട് കിണറ്റിലേക്കു ചാടിയയാളെ രക്ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ആഴമുള്ള കിണറ്റിൽ പുക നിറഞ്ഞു. എങ്കിലും കിണറ്റിലെ റിങ്ങിൽ പിടിച്ച്, ആൾ നിൽക്കുന്നതായാണ് തോന്നിയത്. എന്റെ പിതാവ് കൊടക്കാടൻ സുലൈമാനാണ് കിണറ്റിലിറങ്ങിയത്.

വെള്ളം കോരാനുപയോഗിക്കുന്ന തൊട്ടിയുടെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുറത്തെടുത്തശേഷം ഞാനാണ് കുരുക്കഴിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളലേറ്റ് അടർന്നിരുന്നു. കിണറിന്റെ പടവിനരികെ നിന്ന് ഒരു കത്തിയും കുറച്ചു ചില്ലറ പൈസയും കിട്ടി. കിണറ്റിൽ നിന്ന് കിട്ടിയ ബെൽറ്റിലെ പഴ്സിൽ ഒരു നല്ല സംഖ്യയും ഉണ്ടായിരുന്നെന്ന് സൽമാൻ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടം വന്നാൽ മാത്രമേ അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.