കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.

2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.