നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രക്ഷിതാക്കളുടെ പീഡനത്തെ തുടർന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നൽകിയിട്ടുുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും ഇവർ നൽകിയിരുന്നില്ല. മുറിയുടെ ജനൽ തുറന്നു വെക്കുന്ന അവസരങ്ങളിൽ സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ കുട്ടികൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ജനലുകൾ അടച്ചിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ദമ്പതിമാർ ജോലിക്ക് പോയത്. ഇതോടെ ബംഗാൾ സ്വദേശികൾ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.