സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത് 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ. കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെ തുടർന്നു ശനിയാഴ്ച രാവിലെ മുതൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ ദുഷ്കരമായി. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിനു മാലിന്യം പുറത്തേക്കെത്തിക്കേണ്ടിവന്നു. തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം പൂക്കരത്തറയിലെ തിരച്ചിൽ നടത്തിയത്.
തൊഴിലാളികൾ അവശരായതോടെ താഴ്ചയിൽനിന്ന് കല്ലും മണ്ണും വലിച്ച് പുറത്തെടുക്കുന്ന യന്ത്രം എത്തിച്ചു തിരച്ചിൽ തുടർന്നു. വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണു ചാക്കുകെട്ട് കണ്ടെത്തുന്നത്. തുടർന്നു മൃതദേഹം ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
6 മാസം മുൻപ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കളായ 2 പേർ ചേർന്നു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ ചങ്ങരംകുളം പൊലീസ്, വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഞ്ചലോഹ വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.
മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നു പൊലീസ് സംഘം 2 ദിവസമായി കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ചാക്കിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇർഷാദിന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 11ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പിറ്റേന്നു പുലർച്ചെ മൃതദേഹം കിണറ്റിൽ തള്ളി. ഇർഷാദിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും.
Leave a Reply