മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.

മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.