ഡിഎന്‍എഫ്ടിയെന്ന പുതിയ വരുമാനസ്രോതസ്
സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസ് കൂടി തുറക്കുകയാണ്. ഒടിടി റൈറ്റ്‌സും സാറ്റ്‌ലൈറ്റ് റൈറ്റ്‌സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യയാണിത്. അതോടൊപ്പം എല്ലാ സിനിമ പ്രേമികൾക്കും സിനിമ കാണുന്നതോടൊപ്പം ഒരു വരുമാനം ഉണ്ടാക്കുവാനുള്ള അവസരം കൂടിയാണ് ഡിഎന്‍എഫ്ടി ഒരുക്കുന്നത്. എന്താണ് ഡിഎന്‍എഫ്ടി എന്നല്ലേ?
കലാമൂല്യവും സാമ്പത്തിക മൂല്യവും
ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കൺ അഥവാ ഡിഎന്‍എഫ്ടി അധിഷ്ഠിതമായി ലോകത്ത് ആദ്യമായി ഒരു പ്ലാറ്റ്‌ഫോം തുടങ്ങുകയാണ് സുഭാഷ് മാനുവല്‍ എന്ന മലയാളി സംരംഭകന്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ് പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ആദ്യ ചിത്രം. ഒടിടി റൈറ്റ്‌സ് പോലെ, പ്രൊമോഷണല്‍ വീഡിയോസിന്റെയും സ്റ്റില്‍സിന്റെയുമെല്ലാം എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ സിനിമാ പ്രേമികളുടെ കമ്യൂണിറ്റിയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. മലൈക്കോട്ടൈ വാലിബന്റെ സ്റ്റില്‍സിന്റെയും പ്രൊമോഷണല്‍ വിഡിയോസിന്റെയും എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങിയിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് അധിക വരുമാനസ്രോതസാണ് ഇത്-സുഭാഷ് മാനുവല്‍ പറയുന്നു.
എന്‍എഫ്ടികളെ കുറിച്ച് നമ്മള്‍ മുമ്പ് കേട്ടിട്ടുണ്ടാകും. എന്‍എഫ്ടികളില്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെക് ബാങ്ക് മൂവീസ് ലണ്ടനാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി ഈ വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
വലിയ ബിസിനസ് സാധ്യതകള്‍
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും ക്രിപ്‌റ്റോകറന്‍സിയും ഉപയോഗപ്പെടുത്തി ഡിഎന്‍എഫ്ടിയിലൂടെ ആഗോള സിനിമാ വ്യവസായത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ട്. സിനിമാ നിര്‍മാതാക്കള്‍ക്കും സിനിമ പ്രേമികൾക്കും ഒരുപോലെ പുതിയ വരുമാനസ്രോതസ് തുറക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാം എന്നതിനപ്പുറത്തേക്ക് സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കാം.
ഡിഎന്‍എഫ്ടി അധിഷ്ഠിത വിനോദ ബിസിനസില്‍ ക്രിപ്‌റ്റോകറന്‍സിയും വാലറ്റുമെല്ലാം ഏറ്റവും നിര്‍ണായകമാണ്. ഇന്ത്യയില്‍ 11.5 കോടി ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ കുകോയിന്റെ 2022ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാധ്യതകളും സിനിമാ വ്യവസായത്തിന് ഉപയോഗപ്പെടുത്താം.
മലൈക്കോട്ടൈ വാലിബന്‍ എത്തുമ്പോള്‍
ലിജോ ജോസ് പല്ലിശേരി-മോഹന്‍ലാല്‍ ടീമിന്റെ മലൈക്കോട്ടേ വാലിബന്റെ ഡിഎന്‍എഫ്ടി കമ്പനി സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിലെ ചില സവിശേഷമായ ഉള്ളടക്കങ്ങളുടെയും സ്റ്റില്‍സിന്റെയും നിര്‍മാണ വിഡിയോകളുടെയുമെല്ലാം അവകാശം ഇതില്‍ ഉള്‍പ്പെടും. ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നവര്‍ക്ക്, മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ടെക് ബാങ്ക് മൂവീസാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ആദ്യം പണം നല്‍കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഈ ഉള്ളടക്കങ്ങള്‍ ലഭിക്കുക. ഡിഎന്‍എഫ്ടി സ്വന്തമാക്കുന്നതിലൂടെ സിനിമയുടെ ഭാഗമായ പല ഇവന്റുകളിലും പങ്കെടുക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.
ഡിഎന്‍എഫ്ടി പ്രോഡക്ടുകള്‍ വാങ്ങുന്നവരുടെയും അതില്‍ താല്‍പ്പര്യമുള്ളവരുടെയുമെല്ലാം ശൃംഖല ബ്ലോക്കുകളായി ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് അത് വിറ്റ് കാശുണ്ടാക്കാനും സാധിക്കും. വിനോദ പരിപാടികള്‍, താരങ്ങള്‍ക്കൊപ്പമുള്ള ഇന്ററാക്ഷന്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക പ്രവേശന പാസ് ആയും ഈ പ്രോപ്പര്‍ട്ടി ഉപയോഗിക്കാമെന്ന് സുഭാഷ് പറയുന്നു. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടിയുടെ നിലവിലെ വിലയില്‍ നിന്നും കുറയും. കുറയുന്ന തുക ബാക്കിയുള്ള ഡിഎന്‍എഫ്ടികളുടെ അസറ്റ് ബാക്കിങും വാല്യുവും കൂട്ടുകയും ചെയ്യും.
ഈ വര്‍ഷം മലയാളത്തിനു പുറമെ പ്രശസ്ത താരങ്ങളുടെ ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് സുഭാഷിന്റെ കമ്പനിയുടെ നീക്കം.
Leave a Reply