കുട്ടികള്‍ക്ക് മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിന്‍സി വലിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുട്ടികളെ മലയാള ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് മലയാള ഭാഷ പഠനത്തിന്റെ ഉദ്ദേശം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭാഷ പഠിക്കുന്ന ഉത്സാഹത്തിലാണ് മലയാള ഭാഷ പഠന ക്ലാസിലെത്തിയ കുട്ടികള്‍. കഴിഞ്ഞ ശനിയാഴ്ച്ചയ്ക്ക് ശേഷം സീറോ മലബാര്‍ സഭ ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിന്‍ മലയാള ഭാഷ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM

മലയാള ഭാഷ പഠനത്തിന് ആവേശകരമായ പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്. പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതിന്റെ ത്രില്ലിലാണ് പല കുട്ടികളും. നമ്മുടെ കുട്ടികള്‍ക്ക് കേരളവുമായിട്ടുള്ള ബന്ധവും സംസര്‍ഗവും ഉപേക്ഷിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുന്നത് പലവിധത്തിലും അനുഗ്രഹമാകും. ഇതിലുപരിയായ യൂണിവേഴ്‌സിറ്റി പ്രവേശന അവസരത്തിലും മറ്റഉം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ കൂടുതലായി ഒരു ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നായ മലയാളം പ്രധാനമായും കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളാണ് സംസാരിക്കുന്നത് ലോകമെമ്പാടുമായി നാല് കോടിയോളം ജനങ്ങളുടെ സംസാരഭാഷയാണ് മലയാളം. ആദ്യകാല ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാള ഭാഷയെ അടുത്തറിയാന്‍ പല പാശ്ചാത്യ സര്‍വ്വകലാശാലകളുടെയും കീഴില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.