രാജി രാജൻ

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സ്വാന്ത്വന സ്പർശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നൽകുന്നതിനു വേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ നൂതന ശൈലിയിൽ നടത്തിയ കഹൂട്ട് ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നവ്യാനുഭവമായിമാറി.

കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമുള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജൻ വാസുദേവനും കരസ്ഥമാക്കി. വിജയികളാ യവർ അവർക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഏവർക്കും മാതൃകയായി.

അതിവേഗം ശരി ഉത്തരം നൽകുന്ന വിജയികൾക്ക് ഒന്നാം സമ്മാനമായി £100, രണ്ടാം സമ്മാനം £75 , മൂന്നാം സമ്മാനം £50 എന്നീ ക്രമത്തിലായിരുന്നു സമ്മാനങ്ങൾ നൽകുവാൻ സംഘാടക സമിതി തീരുമാനിച്ചത്. കർമ്മ കലാകേന്ദ്ര, ഇൻഫിനിറ്റി ഫൈനാൻഷ്യൽസ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. വിപരീത പ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനുമായ ഗ്രാൻറ് മാസ്റ്റർ ജി എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്ററ് റീജിയണൽ കോർഡിനേറ്റർ ബേസിൽ ജോൺ ആശംസയർപ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.

ഒന്നാം സമ്മാന ജേതാവായ യുകെയിലെ ന്യൂകാസിലിൽ താമസിക്കുന്ന ബിജു ഗോപിനാഥ് ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ് . രണ്ടാം സമ്മാനം ലഭിച്ച ലണ്ടനിലെ ലൂട്ടനിൽ താമസിക്കുന്ന സഹോദരങ്ങളായ ആനി അലോഷ്യസും & ടോണി അലോഷ്യസും ആയിൽസ്ബറി ഗ്രാമർ സ്കൂളിലെ വിദ്യാർഥികളാണ്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയിൽ യഥാക്രമം കലാതിലകവും കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവർ മാതൃഭാഷയായ മലയാളവും പഠിക്കുന്നുണ്ട് . മുതിർന്നവരോടൊപ്പം മത്സരിച്ച് രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഈ കുട്ടികൾ വളർന്നു വരുന്ന തലമുറയ്ക്കും ഒരു പ്രചോദനമായി മാറി. മൂന്നാം സമ്മാനം കരസ്ഥമാക്കിയ സ്കോട്ട്‌ലൻഡിലെ അബർഡീനിൽ താമസിക്കുന്ന സോജൻ വാസുദേവൻ അബർഡീനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘ശ്രുതി’ യുടെ സജീവ പ്രവർത്തകനുമാണ്.

മത്സരത്തിൽ പങ്കെടുത്തവർ നൽകിയ രജിസ്ട്രേഷൻ ഫീസും സമ്മാനം ലഭിച്ചവർ നൽകിയ തുകയും ചേർത്ത് 1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് കഴിഞ്ഞു.

ജൻമനാടിനെ മാറോട് ചേർത്ത് കോവിഡ് ദുരിതത്തിൽ വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസ്സുകൾക്കും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ എന്നിവർ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.