ഏബ്രഹാം കുര്യൻ
പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ, ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് “കണിക്കൊന്ന” യുടെ മൂല്യനിർണ്ണയമായ പഠനോത്സവം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി, യുകെയിൽ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിൽ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
പഠനോത്സവം ആരംഭിക്കുന്നതിനു മുൻപായി നടന്ന ലളിതമായ ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം ടി ശശി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ്
സി എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എൻ സാറ അവതാരകയായി പങ്കെടുത്ത് ചടങ്ങുകൾ നിയന്ത്രിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകൾ വീക്ഷിക്കുവാനായി എത്തിയിരുന്നു.
യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനൽകിയ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി വെർച്യുൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്. യുകെയിൽ മലയാളം പഠിക്കുന്ന കുട്ടികളെ മാതൃഭാഷയായ മലയാളവുമായി അടുപ്പിക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറുകൾ മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും നൽകിയതിനാൽ കുട്ടികൾ ആഹ്ലാദത്തോടെയാണ് പഠനോത്സവത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയതെന്ന് മുഴുവൻ സമയവും സൂപ്പർവൈസർമാരായി ചുമതല വഹിച്ചിരുന്ന അധ്യാപകർ അഭിപ്രായപ്പെട്ടു. പഠനോത്സവത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ എല്ലാ വെർച്വൽ ക്ലാസ് റൂമുകളിലെയും പഠനോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു.
മലയാളം മിഷൻ യുകെ ചാപ്റ്റർ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയിൽ ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യൻ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസിൽ ജോൺ, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവരുടെ സാങ്കേതിക സഹായങ്ങൾകൊണ്ടുമാണ് മുഴുവൻ കുട്ടികളുടെയും പഠനോത്സവം ഓൺലൈനിലൂടെ വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ യുകെയിൽ നടത്തിയത്. ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി’ ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
യുകെയിലെ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യപേപ്പറുകൾ വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വാല്യൂവേഷൻ പൂർത്തിയാക്കി ഏപ്രിൽ 21ന് മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും ഫലപ്രഖ്യാപനം നടത്തുവാനുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.
* ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
* ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
* ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
* രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
* ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
* എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
കോവിഡ് മഹാമാരിയുടെ ഫലമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ അവസരത്തിലും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന ഓൺലൈൻ പഠനോത്സവം വിജയകരമായി പൂർത്തിയാക്കുവാൻ കഠിനാദ്ധ്വാനം നടത്തിയ പഠനോത്സവ കമ്മിറ്റിയെയും അധ്യാപകരെയും, രക്ഷിതാക്കളെയും സാങ്കേതിക വിദഗ്ധരെയും, പങ്കെടുത്ത മുഴുവൻ കുട്ടികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.
Leave a Reply