ഏബ്രഹാം കുര്യൻ
കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിങ്ങും കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൂറു ദിന വെർച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നവംബർ 1 വൈകുന്നേരം 5 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കും. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ അതിജീവിച്ച് മനുഷ്യരാശി മുന്നേറുന്ന ഈ അവസരത്തിൽ, മലയാളനാടിന് 64 വയസ്സ് തികയുന്ന നവംബർ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ, ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിക്കും. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷതവഹിക്കും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തും.
മലയാളം മിഷൻ യുകെ ചാപ്റ്റർ ആരംഭിക്കുന്ന വെർച്വൽ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിന്നും വേണ്ടി, വരും നാളുകളിൽ പ്രമുഖ പ്രതിഭകളുടെ കലാ-സാഹിത്യ-സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള ശത ദിന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവർത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ ബേസിൽ ജോണും ജനേഷ് നായരും ചേർന്നാണ് ഫെയ്സ്ബൂക്ക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകൽപ്പന നൽകുന്നത്. ഈ ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്യുകയും, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.
യുകെയിലെ വിവിധ റീജിയനുകളിൽ സുഗമമായി നടക്കുന്ന മലയാളം സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു വേണ്ടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജിൻ്റെ നേതൃത്വത്തിൽ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷ അധ്യാപകൻ ഡോ എം ടി ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നൂറോളം അദ്ധ്യാപകർക്ക് ആദ്യ ഘട്ട പരിശീലനം നൽകി കഴിഞ്ഞു. കൂടുതൽ പരിശീലനങ്ങൾക്കായി വിവിധ മേഖലകൾ തയ്യാറാകുന്നതോടൊപ്പം, മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പല സ്കൂളുകളിലും ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ്റെ ആദ്യ മൂല്യനിർണ്ണയ ഉത്സവമായ കണിക്കൊന്ന പഠനോത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ” എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
Leave a Reply