ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്ര പ്രവർത്തകനും ആയ സി.അനൂപ് ‘മലയാളം വാർത്തയിലും വർത്തമാനത്തിലും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. (12-12-2020) 5PM (യുകെ സമയം) 10.30PM (IST) നടക്കുന്ന ഫേസ്ബുക്ക് ലൈവിലേക്ക് എല്ലാ മലയാള ഭാഷാ സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

എത്ര എഴുതി എന്നതല്ല എന്തെഴുതി എന്നതാണ് പ്രധാനം എന്ന എം പി നാരായണപിള്ളയുടെ ഉപദേശം മനസിൽ കൊണ്ടു നടക്കുന്ന സി അനൂപ് ഇപ്പോൾ വളരെ സൂക്ഷിച്ച് വർഷത്തിൽ രണ്ടോ മൂന്നോ കഥകളെ എഴുതാറുള്ളു. എഴുതുന്നത് ശ്രദ്ധിക്കപ്പെടുന്നതാവണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. 1992 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കാര്യവട്ടം ക്യാമ്പസിലെ എം എ വിദ്യാർത്ഥിയായിരുന്ന ശ്രീ സി.അനൂപിന്റെ ‘ഉത്സവം കഴിഞ്ഞപ്പോൾ’ എന്ന കഥ ഒന്നാം സമ്മാനാർഹമായി. ആ കഥ കലാകൗമുദിയിൽ പ്രസിദ്ധീകരണത്തിനു കൊടുത്തു എങ്കിലും പ്രസിദ്ധീകരിച്ചില്ല എന്നാൽ സി അനൂപിന്റെ ജേർണലിസത്തിലേക്കുള്ള ചുവടു വയ്പിന് അത് കാരണമായി. ചെറുകഥ എന്തായി എന്നറിയാൻ കലാ കൗമുദിയുടെ ഓഫീസിലേക്ക് വിളിച്ച സി. അനൂപിനോട് കഥയെ പറ്റി ഒന്നും പറയാതെ പ്രശസ്ത ജേർണലിസ്റ്റ് കുൽദീപ് നയ്യാർ ഉദ്ഘാടനം ചെയ്യുന്ന പത്രപ്രവർത്തക ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. പിന്നീട് കലാ കൗമുദി ഓഫീസിൽ ട്രെയ്നിയായി നിയമിച്ചത് നിരന്തരം കലാ കൗമുദിയിൽ വന്നു പോകുന്ന പ്രശസ്ത സാഹിത്യകാരൻമാരുമായി അടുത്ത ബന്ധത്തിനുള്ള അവസരം അദ്ദേഹത്തിനുണ്ടാക്കി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വൈശിക’മാണ് ആദ്യം പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ കഥ. പിന്നെ ‘ന്യൂ ഇന്ത്യ ബുക്സ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തി. ആദ്ദേഹം എഡിറ്റു ചെയ്ത ‘ഇ എം എസ് അനുഭവം യോജിച്ചും വിയോജിച്ചും’ എന്ന പുസ്തകം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് കൈരളി ടി.വി യിൽ നൂറ് എപ്പിസോഡുകൾ പിന്നിട്ട ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്ന പരമ്പര ശ്രദ്ധേയമായി.

സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’ ‘അച്ചുവിന്റെ അമ്മ’ എന്നീ സിനിമകളിൽ സംവിധാന സഹായിയായത് കൂടാതെ ശ്രീനിവാസന്റെ ഭാർഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റും പിന്നീട് ജനയുഗം വാരാന്ത പതിപ്പിന്റെ ചുമതലക്കാരനുമായി. ഏഷ്യാനെറ്റ് ന്യൂസിൽ എം ജി രാധാകൃഷ്ണൻ അവതരിപ്പിച്ച വാക്കു പൂക്കും കാലത്തിന്റെ നിർമ്മാതാവുമായിരുന്നു. പ്രണയത്തിന്റെ അപനിർമ്മാണം, പരകായ പ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയൻറെ പൂച്ച, ഇ എം എസും ദൈവവും എന്നീ ചെറുകഥാ സമാഹാരങ്ങൾ വിശുദ്ധ യുദ്ധം എന്ന നോവൽ എന്നിവയാണ് സി അനൂപിന്റെ സാഹിത്യ സംഭാവനകൾ. അറ്റ്ലസ് – കൈരളി പുരസ്കാരം, ടി വി കൊച്ചുവാവ പുരസ്കാരം അങ്കണം പുരസ്കാരം, സിദ്ധാർത്ഥ സാഹിത്യ അവാർഡ് എന്നിവ സി അനൂപിനെ തേടിയെത്തി. ചുനക്കര സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരാധുനീക കവിയായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ മലയാളവും മലയാളിയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദം ആയിരങ്ങൾ കേട്ടിരുന്നു. മലയാളവും മലയാളിയും എങ്ങനെയാണ് മറ്റു ഭാഷകളെയും സംസ്കാരത്തെയും ഉൾകൊള്ളുന്നത് എന്ന് അദ്ദേഹം മനോഹരമായി വരച്ചു കാട്ടി. മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (12-12-2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PM ലുമാണ് ശ്രീ സി അനൂപ് മലയാളം വാർത്തയിലും വർത്തമാനത്തിലും എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/