മലയാളം യുകെ ന്യൂസ് ഡെസ്ക് 

ഗ്രീക്ക് നൃത്ത സംഗീത ദേവതയായ ടെപ്സികോറിന്റെ നടന സൗകുമാര്യത്താൽ അനുഗൃഹീതമായ കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് വേദിയാകാൻ മിഡ് ലാന്‍ഡ്‌സിന്‍റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ് ഒരുങ്ങുന്നു.  മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ 14 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. ബിസ്സിനസ് രംഗത്തെ നൂതന ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ കാര്‍ബണിലൂടെയും , ക്യാഷ്‌ബാക്ക് സ്കീമിലൂടെയും യുകെ നിവാസികള്‍ക്കിടയില്‍ ജനകീയമായ ബീ വണ്‍ ക്യാഷ്ബാക്ക് കമ്പനിയാണ് “ടെപ്സികോർ 2018” സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. യുകെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആനന്ദ് ടിവി ഇവൻറിൽ മീഡിയ പാര്‍ട്ണര്‍ ആയിരിക്കും. ഡാൻസ് ഫെസ്റ്റിന്റെ സൗന്ദര്യവും ചടുലതയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാൻ ആനന്ദ് ടിവി സർവ്വ സജ്ജീകരണങ്ങളും ഒരുക്കും.

ഇന്ത്യൻ സംസ്കാരത്തെയും കലകളെയും ഇഷ്ടപ്പെടുന്ന ഏവർക്കും പങ്കെടുക്കുവാൻ അവസരം നല്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുക. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുന്നത്. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും.

ഡാൻസ് കോണ്ടസ്റ്റിന്റെ ഗൈഡ് ലൈൻ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതും അതിനുശേഷം മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതുമാണ്. ടെപ്സികോർ 2018 ന്റെ വിജയകരമായ നടത്തിപ്പിനായി കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് ടെപ്സി കോർ 2018ന്‍റെ ഭാഗമാകാനാഗ്രഹിക്കുന്നവരും, മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും,  സ്പോൺസർഷിപ്പ്, കേറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേർവഴിയിൽ വായനക്കാരുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിന്റെ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.

2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു.

യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറിമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകന്റെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിന്റെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന്റെ വൻവിജയം.

മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിന്റെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.