ഷിബു മാത്യൂ

കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതിന് വളരെ ലളിതമായ ഉദാഹരണമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ബോബനും മോളിയും.. അത് വായിച്ച് ചിരിക്കാത്ത മലയാളികൾ വിരളമാണ്. ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

മലയാളം യുകെ ന്യൂസ് പ്രവാസി മലയാളികൾക്കായി പരിചയപ്പെടുത്തുന്ന റോയി സി .ജെയും ഇതിൽ നിന്നൊന്നും വിഭിന്നമല്ല. റോയിയുടെ കാർട്ടൂൺ പബ്ളീഷ് ചെയ്യാത്ത മാധ്യമങ്ങൾ കേരളത്തിലില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്ചപ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന മംഗളത്തിനോടും മനോരമയോടും കിടപിടിച്ചിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതൊരു തുടക്കമായിരുന്നു. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമയിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.

പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയ്ച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംങ്ക നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.

മലയാളത്തിലെ അറിയപ്പെടുന്ന പ്രസാധകരായ ലോഗോസ് ബുക്സ് റോയിയുടെ 12കഥകളുടെ സമാഹാരം ‘റെറ്റിനയിൽ പതിയാത്തത് ‘ എന്ന പേരിൽ 2018-ൽ പ്രസിദ്ധീകരിച്ചു. കാർട്ടുൺ രചനയോടൊപ്പം കാരിക്കേച്ചറും വരയ്ക്കാറുള്ള റോയിക്ക് കാരിക്കാറ്റുമാനിയ വേൾഡ് കാരിക്കേച്ചർ എന്ന ഓൺലൈൻ മത്സരവേദിയിൽ നിന്നും പലതവണ സമ്മാനം നേടിയിട്ടുണ്ടെന്നതും അഭിനന്ദനാർഹമാണ്.

ലോകത്തെമ്പാടുമുള്ള അതിപ്രഗത്ഭരായ ക്യാരിക്കേച്ചരിസ്റ്റുകൾ മത്സരിക്കുന്ന വേദിയാണ് ഇത് എന്നത് ആണ് ഈ മത്സരത്തിന്റെ പ്രത്യേകത.

ഒരു കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഒട്ടുമിക്ക ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെയും ലേ ഔട്ടും ഇല്ലസ്‌ട്രേഷനും റോയിയാണ് ചെയ്തിരുന്നത്. ക്രിസ്റ്റീൻ മാസികയുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പതിപ്പുകൾ, അതിരമ്പുഴ കാരീസ്ഭവനിൽനിന്നുള്ള കാരീസ് ജ്യോതി, പാലാ രൂപതയുടെ ദീപനാളം, ആലപ്പുഴ ഐ എം എസിൽ നിന്നുള്ള സ്നേഹധാരാ, കേരള കരിസ്‌മറ്റിക് പ്രസ്ഥാനങ്ങളുടെ മുഖപത്രമായ ജീവജ്വാല എന്നിവ അവയിൽ ചിലതു മാത്രം.

നൂറുകണക്കിന് സ്നേഹിദരുടെ മുഖചിത്രങ്ങൾ വരച്ചു ഫേസ്ബുക് പേജിലൂടെ പബ്ലിഷ് ചെയ്തു വന്നിരുന്ന പംക്തി ഒരുപാടു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും നേടിയിരുന്നു.

തന്റെ എൻ എച്ച് എസ് ജോലിക്കൊപ്പം ഫ്രീ ടൈമുകളിൽ യുകെയിലുള്ള സുഹൃത്തുക്കളുടെ മരിച്ചുപോയ മാതാപിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ ഛായചിത്രങ്ങൾ ആവശ്യമനുസരിച്ചു ഡിജിറ്റൽ ആയി വരച്ചു ക്യാൻവാസിൽ പ്രിന്റ് അടിച്ചു കൊടുക്കുകയും ചെയ്തു വരുന്നു.

2004ൽ യുകെയിലെത്തിയ റോയി എൻഎച്ച്എസിൽ ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴും കാർട്ടൂണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരുടെയും ശ്രദ്ധിക്കപ്പെടുന്ന രൂപം പകർത്താൻ അധിക സമയം റോയിക്കാവശ്യമില്ല.. കാർട്ടൂണായി വരയ്ക്കുന്ന ചിത്രങ്ങൾക്ക് റോയി നല്കുന്ന അടിക്കുറിപ്പാണ് റോയി എന്ന കാർട്ടൂണിന് ശക്തിയേകുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള റോയി സി.ജെയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..

Contact details:-
Roy C J
Mobile # 07440468924