ഷെറിൻ പി യോഹന്നാൻ

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ ‘സ്പിരിറ്റ്‌ ഓഫ് സിനിമ’ പുരസ്‌കാരം ഏറ്റുവാങ്ങിയ ലിസ ചലാന് കേരളം നൽകിയത് ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരങ്ങളാണ്; അതിജീവനത്തിന്റെ പാഠം പകർന്നതിന്, പോരാട്ടത്തിന്റെ പെൺപ്രതീകമായി മാറിയത്, സിനിമയെ മൂർച്ചയുള്ള ആയുധമായി ഉപയോഗിക്കുന്നതിന്. ലിസ ചലാൻ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം നിശാഗന്ധിയിൽ നിറഞ്ഞ കരഘോഷങ്ങളുയർന്നു. എഴുന്നേറ്റ് നിന്ന്, മനസ്സ് നിറഞ്ഞു കയ്യടിക്കുന്ന ജനക്കൂട്ടത്തിന്റെ മുൻപിൽ ലിസ നിവർന്നുനിന്നു.

തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായികയാണ് ലിസ ചലാൻ. കൃത്രിമ കാലുകളുമായി ചലച്ചിത്ര രംഗത്തും സാമൂഹ്യസേവന രംഗത്തും നടത്തിയ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് കേരളം ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം നൽകി അവരെ ആദരിച്ചത്. തുർക്കിയില്‍ സാമൂഹിക വിവേചനം അനുഭവിക്കുന്ന കുര്‍ദ് വിഭാഗത്തില്‍ പിറന്ന്, സ്വന്തം ജനതയ്ക്കു വേണ്ടി കലയിലൂടെ പൊരുതിക്കൊണ്ടിരിക്കുന്ന ഒരുവളാണ് ലിസ. ലിസ സംവിധാനവും തിരക്കഥാരചനയും നിർവഹിച്ച ‘പര്‍വ്വതങ്ങളുടെ ഭാഷ’ (Language of Mountains) എന്ന ഹ്രസ്വ ചിത്രത്തിൽ ഈ സാമൂഹികാന്തരീക്ഷം പ്രകടമായി കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ലിസ ചലാൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

സംവിധായിക, എഡിറ്റര്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്താണ് ലിസ ഐസിസിന്റെ ഇരയായത്. 2015 ജൂണ്‍ അഞ്ചിനായിരുന്നു ആ സംഭവം. പ്രാദേശിക തിരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കിനില്‍ക്കെ കുര്‍ദുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന എച്ച്.ഡി.പി.പാര്‍ട്ടി ഒരു വൻ പ്രചാരണറാലി സംഘടിപ്പിച്ചു. ലിസയും ഈ റാലിയില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ആൾക്കൂട്ടത്തിന്റെ നടുവിൽ വലിയ സ്ഫോടനം നടന്നത്. ഐസിസ് ചാവേറുകള്‍ നടത്തിയ ആ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നൂറിലധികമാളുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ലിസയുടെ കാലുകള്‍ ചിതറിപ്പോയി. ചിതറിപ്പോയ കാലുകള്‍ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ ശവകുടീരത്തിനടുത്ത് ലിസയുടെ കാലുകൾ അടക്കം ചെയ്തു. തുർക്കിയിലും ജര്‍മനിയിലുമായി ഒമ്പത് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാലുകള്‍ ശരിയായില്ല. ഒടുവിൽ ഓസ്‌ട്രേലിയയിലെ ഒരാശുപത്രിയില്‍ വെച്ച് ലിസയുടെ കാലുകളില്‍ ടൈറ്റാനിയം ഇംപ്ലാന്റുകള്‍ വെച്ചുപിടിപ്പിച്ചു.

പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് സിനിമയിലൂടെ പരിഹാരമൊരുക്കുകയാണ് ലിസ. ‘എന്റെ ശരീരത്തെ മാത്രമേ അവർക്ക് പരിക്കേൽപ്പിക്കാനായുള്ളൂ, എന്റെ ആശയത്തെ തോൽപ്പിക്കാനായിട്ടില്ല’ – ലിസയുടെ ഈ വാക്കുകൾക്ക് ആത്മധൈര്യത്തിന്റെ സുവർണ്ണ ശോഭയാണ്. തുർക്കിഷ് സിനിമ മേഖലയിൽ സ്ത്രീകൾ അവഗണിക്കപ്പെടുകയാണെന്നും ലിസ വെളിപ്പെടുത്തി. “തുർക്കി ഗവണ്മെന്റ് പിന്തുണ നൽകുന്നത് പ്രൊഫഷണൽ ജോലികൾക്കാണ്. പുരുഷാധിപത്യ സമൂഹത്തിൽ ചലച്ചിത്ര മേഖലയിലെ പല ജോലികളും ഒരു സ്ത്രീയ്ക്ക് ചെയ്യാനാകും എന്നെനിക്ക് തെളിയിക്കണമായിരുന്നു.” ലിസ കൂട്ടിച്ചേർത്തു.

ലിസയ്ക്ക് സിനിമയെന്നത് കല മാത്രമല്ല, ഒരായുധം കൂടിയാണ്. സമൂഹത്തിന് നേരെ ക്യാമറ തിരിച്ചുവെച്ച് അവർ ശബ്ദമുയർത്തുന്നു. പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി ലോകസിനിമയിൽ ശ്രദ്ധയാകർഷിച്ച ലിസ ചലാന് ഹൃദയത്തിൽ നിന്നുള്ള സ്നേഹാദരവുകൾ.