ബിൻസു ജോൺ , ചീഫ് എഡിറ്റർ

കുരിശിന്റെ വേദനകൾ മറികടന്ന് പുനരുത്ഥാനത്തിന്റെ പ്രകാശത്തിലേയ്ക്ക് നമ്മുടെ മനസ്സിനെ നയിക്കുന്ന ഈ പുണ്യ ദിനത്തിൽ മലയാളം യുകെ ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ മംഗളങ്ങൾ നേരുന്നു . ഈസ്റ്റർ ദിനം ക്രിസ്തുവിൻറെ ഉയർപ്പ് മാത്രമല്ല ഓരോ മനുഷ്യഹൃദയത്തിലും പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കുന്ന പ്രത്യാശയുടെ ദിനം കൂടിയാണ്. വേദനയെ അതിജീവിക്കുവാനും ഇരുണ്ട ദിനങ്ങൾക്ക് ശേഷം പ്രകാശം പരത്തുന്ന ഒരു നല്ല നാളെയുണ്ടെന്നും ഈസ്റ്റർ നമ്മളോട് പറയുന്നു.

ലോകമെങ്ങുമുള്ള പ്രത്യേകിച്ച് യു കെ യിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മലയാളം യുകെ ഇടം പിടിച്ചിട്ട് 11 വർഷമായി. വാർത്ത എന്നത് കേവലം സംഭവങ്ങളുടെ പരാമർശമല്ല, മറിച്ച് ഓരോ വായനക്കാരന്റെയും ഹൃദയവുമായി അടുപ്പമുള്ള അനുഭവങ്ങൾ കൂടിയാണ്. ആത്യന്തികമായി മലയാളം യുകെ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. സത്യങ്ങൾ വളച്ചൊടിക്കാതെ നിങ്ങളിലേയ്ക്ക് വാർത്തകൾ എത്തിക്കുന്നതിനോടൊപ്പം നമ്മുടെ സാഹിത്യത്തിനും സാംസ്കാരിക തനിമക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മികച്ച രചനകളും മലയാളം യുകെയിൽ സ്ഥിരമായി ഇടംപിടിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. ഓണം ക്രിസ്തുമസ് ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നമ്മുടെ സാഹിത്യ മത സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരുടെ രചനകളും സന്ദേശങ്ങളും മലയാളം യുകെയിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്നതിനെ വായനക്കാർ ആവേശത്തോടെ ഏറ്റെടുത്തതിനെ സന്തോഷത്തോടെയും നന്ദിയോടെയും അനുസ്മരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷം മലയാളം യുകെ ന്യൂസിൽ പ്രൗഢഗംഭീരമായ ഈസ്റ്റർ സന്ദേശം നൽകുന്നത് അഭിവന്ദ്യ മാത്യൂസ് മാർ സെർപാഹിൻ ആണ്. കഴിഞ്ഞ കാലങ്ങളിൽ വിവിധ വിശേഷാവസരങ്ങളിൽ മലയാളം യുകെയിൽ എഴുതിയ ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ പ്രസിഡന്റും യുകെ മലയാളി നേഴ്സുമായ ബിജോയ് സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെടെയുള്ളവരെ നന്ദിയോടെ ഓർക്കുന്നു. ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 11 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത് .

പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .