ബിൻസു ജോൺ , ചീഫ് എഡിറ്റർ
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 9 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .
പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .
ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . കോവിഡിന് ശേഷം തുടർച്ചയായ രണ്ടുവർഷം 2022 -ലും 2023 – ലും മലയാളം യുകെ നടത്തിയ അവാർഡ് നൈറ്റുകൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയപൂർവ്വമാണ് ഏറ്റെടുത്തത്. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.
മുൻ വർഷങ്ങളിലെതു പോലെ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള തുടങ്ങിയ ഒട്ടേറെ പ്രമുരാണ് മലയാളം യുകെയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് . ക്രിസ്മസ് ദിനത്തിൽ പ്രിയ വായനക്കാർക്ക് സന്ദേശം നൽകിയത് ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആണ് .
ഒട്ടേറെ സ്ഥിരം പംക്തികളാണ് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമ്മാനിച്ചത് .മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു. ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, പ്രൊഫ . റ്റിജി തോമസ് എഴുതുന്ന യുകെ സ്‌മൃതികൾ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളം യുകെ ന്യൂസിലെ രണ്ട് സ്ഥിരം പംക്തികളായ ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോഴും ജോജി തോമസ് എഴുതിയ മാസാന്ത്യവലോകനവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അഭിമാനത്തോടെ ഓർമ്മിക്കുന്നു.
വായനക്കാരാണ് പത്രത്തിന്റെ ശക്തി. ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
Leave a Reply