സുരേഷ് തെക്കീട്ടിൽ

മലയാള ചലച്ചിത്ര സംവിധായകൻ  എം.മോഹൻ 27/8/2024 ന് തൻ്റെ 76 -ാം വയസ്സിൽ അന്തരിച്ചു. കാലത്തിനു മുന്നേ ചലിച്ച വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രഗല്ഭ സംവിധായകൻ്റെ വിയോഗം അർഹമായ പരിഗണനയോടെ ചർച്ച ചെയ്യപ്പെട്ടോ? ഇല്ല എന്ന് തോന്നുന്നു . നിലവിൽ സിനിമാ രംഗത്തെയാകെ പിടിച്ചുലച്ച വിവാദങ്ങൾ
തുടർബഹളങ്ങൾ ഒക്കെ ഒരു പക്ഷേ അതിനു കാരണമായിട്ടുണ്ടാകാം . എന്തു തന്നെയായാലും ഇത്തരത്തിൽ വേണ്ട വിധം ചർച്ചയാകാതെ, പരിഗണിക്കപ്പെടാതെ മറഞ്ഞു പോകേണ്ടയാളല്ല ഈ മഹാപ്രതിഭ. ഇഷ്ട സംവിധായകരിൽ മോഹൻ എന്ന പേര് ചേർത്തുവെക്കാത്തവരുണ്ടായേക്കാം.അതിന് എന്തെങ്കിലുമൊക്കെ അവരുടേതായ കാരണങ്ങൾ അവർക്കുണ്ടാകാം.
എന്നാൽ ആ കഴിവിനെ അംഗീകരിക്കാത്തവർ ഉണ്ടാകുമെന്നു തോന്നുന്നില്ല. അദ്ദേഹത്തെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എത്രയോ പേരുണ്ട്. എന്നുമെന്നും മലയാളിക്കും മലയാളത്തിനു മോർക്കാൻ അദ്ദേഹത്തിൻ്റേതായി ഒരു പാട് സിനിമകളുണ്ട്. അത് ഒരാൾക്കും നിഷേധിക്കാനാകില്ല.

1948 ജനവരി 15 ന് ഇരിങ്ങാലക്കുടയിലണ് മോഹൻ്റെ ജനനം. പി.വേണു,തിക്കുറിശ്ശി, എ.ബി.രാജ് ,മധു,
എന്നിങ്ങനെ മികച്ച സംവിധായകരുടെയെല്ലാം അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുണ്ട് മോഹൻ .അതുകൊണ്ടെന്ത് അതിനെന്ത് എന്നൊക്കെയാണ് ചോദ്യമെങ്കിൽ അതിൽ കാര്യമുണ്ട് എന്നാണുത്തരം. ഇവർ ഓരോരുത്തരും താരതമ്യങ്ങളില്ലാത്ത വിധം സ്വന്തം ശൈലിയിൽ സിനിമകൾ ചെയ്തവരാണല്ലോ. എന്നാൽ ഇവരിൽ ആരുടേയും ശൈലിയോ രീതിയോ ആയിരുന്നില്ല സ്വതന്ത്ര സംവിധായകനായ പ്പോൾ മോഹനിൽ കണ്ടത്. .ഇവരിൽ നിന്നെല്ലാം സിനിമയുടെ സംവിധാനമുൾപ്പെടെയുള്ള സാങ്കേതിക വശങ്ങളെ കുറിച്ച് കൃത്യതയോടെ പഠിച്ചിട്ടുണ്ടാകാമെന്നല്ലാതെ സ്വീകരിച്ച തൊഴിലിൽ ഇവരുടെയാരുടേയും സ്വാധീനത്തിൽ വന്നില്ല അഥവാ നിന്നില്ല മോഹൻ. തീർത്തും വ്യത്യസ്തനായ സംവിധായകനാകാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. അപര സാമ്യമില്ലെന്നു മാത്രമല്ല സ്വന്തമായി സംവിധാനം ചെയ്ത സിനിമകൾ തന്നെ ഓരോന്നും പ്രമേയത്തിലും അവതരണത്തിലും തികച്ചും വേറിട്ടതായിരിക്കണം എന്ന നിർബന്ധബുദ്ധിയും പ്രകടമാക്കി.എത്ര പേർക്ക് അവകാശപ്പെടാനാകും ഈ പ്രത്യേകത. 1978ൽ പുറത്തിറങ്ങിയ “വാടക വീട്” മുതൽ 2005 ൽ പുറത്തിറങ്ങിയ
“ദി ക്യാമ്പസ് ” വരെ 23 സിനിമകൾ.മോഹൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓരോന്നോരോന്നായി ആ സിനിമകൾ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നില്ലേ? 1978 ലാണ് മോഹൻ്റെ ആദ്യ സിനിമയായ വാടക വീട് തിയേറ്ററിലെത്തിയത് . പിന്നീട് ശാലിനി എൻ്റെ കൂട്ടുകാരിയും, രണ്ട് പെൺകുട്ടികളും എത്തി. ശേഷം കൊച്ചു കൊച്ചു തെറ്റുകൾ ,വിട പറയും മുമ്പേ, കഥയറിയാതെ ഇടവേള ,ഇളക്കങ്ങൾ, രചന, മംഗളം നേരുന്നു, ഒരു കഥ ഒരുനുണ കഥ,തീർത്ഥം, ശ്രുതി ഇസബല്ല,മുഖം അങ്ങനെ ഒരവധിക്കാലത്ത് വിവിധ വർഷങ്ങളിലായി ചിത്രങ്ങളെത്തി കൊണ്ടിരുന്നു. ഒടുവിൽ 2005-ൽ ക്യാമ്പസ് എന്ന സിനിമയും വന്നു.പുതിയ തലമുറയ്ക്ക് പാഠപുസ്തകങ്ങൾ പോലെ സൂക്ഷിക്കാൻ വിധം മഹത്വമുള്ള ചിത്രങ്ങൾ. കാഴ്ചപ്പാടുകളേറെയുള്ള കരുത്തനായ സംവിധായകൻ്റെ വ്യക്തമായ ചിന്തകളാണ് ഓരോ സിനിമകളിലും അദ്ദേഹം വരച്ചിട്ടത്. ഈ പറഞ്ഞവയിൽഎതെങ്കിലും സിനിമകൾ തമ്മിൽ തമ്മിൽ സാമ്യമുണ്ടോ? എത്ര ആഴത്തിൽ പരിശോധിച്ചാലും ഇഴകീറി ചിന്തിച്ചാലും നമുക്ക് കണ്ടെത്താൻ പ്രയാസമായ ആ സാമ്യതയില്ലായ്മയാണ് മോഹൻ എന്ന സംവിധായകൻ്റെ തലപ്പൊക്കം.ജോൺ പോൾ പത്മരാജൻ തുടങ്ങി ഒന്നാം നിര എഴുത്തുകാരുടെ പിൻബലം മോഹനെ കൂടുതൽ കരുത്തനാക്കി.

വിട പറയും മുമ്പേ, മുഖം ,ആലോലം, ശ്രുതി അങ്ങനെ ഒരവധിക്കാലത്ത് എന്നീ അഞ്ച് സിനിമകളുടെ തിരക്കഥയും മോഹൻ തന്നെ. ഇതിലേ ഇനിയും വരൂ, കഥയറിയാതെ എന്നീ സിനിമകൾക്ക് മോഹൻ കഥയുമെഴുതി. സിനിമ പൂർണമായും സംവിധായകൻ്റെ കലയാണ് എന്ന ബോധവും ബോധ്യവും വിട്ടുവീഴ്ചയില്ലാത്ത ആ ധാരണയും തന്നെയായിരുന്നു ഇദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ കാതൽ.എൻ്റെ സെറ്റിൽ ഞാനാണ് സർവ്വാധികാരി എന്ന തലക്കെട്ടിൽ അദ്ദേഹത്തിൻ്റെ ഒരു അഭിമുഖം വായിച്ചതോർക്കുന്നു .
രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെ ആദ്യമായി ലെസ്ബിയൻസ് കഥ വെള്ളിത്തിരയിൽ എത്തിച്ചത് മോഹനാണ്. എൺപതുകളുടെ തുടക്കത്തിലെ ധീരമായ പരീക്ഷണം.
വി.ടി.നന്ദകുമാറിൻ്റെ പ്രസിദ്ധ നോവലായ രണ്ട് പെൺ കുട്ടികൾക്ക് മോഹൻ ചമച്ച ചലച്ചിത്രഭാഷ്യം ഒരു പരിപൂർണ സിനിമ എന്നു തന്നെ വിലയിരുത്തപ്പെട്ടു. സിനിമയിൽ അനുപമയും ശോഭയും നായികമാരായെത്തി. അനുപമ പിന്നീട് മോഹൻ്റെ ജീവിത നായികയുമായി.ഈ ദമ്പതികൾക്ക് പുരന്ദർ മോഹൻ, ഉപേന്ദ്രർ രോഹൻ എന്നീ രണ്ട്മക്കൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെടുമുടി വേണു എന്ന മലയാളത്തിലെ മഹാ നടനെ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കാലാകാലത്തേക്ക് കുടിയിരുത്തുന്നതിൽ മോഹൻ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. വിട പറയും മുമ്പേ എന്ന അത്രമേൽ ആസ്വദിക്കപ്പെട്ട ചലച്ചിത്രത്തിലെ സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണു എന്ന ജനപ്രിയ താരത്തെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് ആർക്ക് നിഷേധിക്കാനാകും. ഇന്നസെൻ്റിനെ മലയാള സിനിമയുടെ മുഖ്യധാരയിലെത്തിക്കുന്നതും മോഹൻ ആണെന്നു പറയാം.മലയാളത്തിൽ സ്ഥിരം ടൈപ്പു വേഷങ്ങളിൽ തളയ്ക്കപ്പെട്ട പല പ്രശസ്ത നടൻമാരുടെയും അഭിനയ തികവ് പൂർണതയോടെ നമുക്ക് ദർശിക്കാനായത് മോഹൻ ചിത്രങ്ങളിലൂടെയായിരുന്നു. മലയാളത്തിലെ പോലീസ് കഥകൾക്ക് വേറിട്ട മുഖം നൽകിയതും മുഖം എന്ന ചിത്രത്തിലൂടെ മോഹൻ തന്നെ. മോഹൻ വിടപറഞ്ഞു എന്ന വാർത്ത കേട്ട സമയം എൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് പ്രേക്ഷകർ ഹൃദയത്തിലേറ്റിയ അനശ്വര ഗാനങ്ങളും ഗാന രംഗ ചിത്രീകരണങ്ങളുമാണ്. കോളേജ് ജീവിതത്തിൻ്റെ അവസാന നാളിൽ യാത്രയയപ്പുവേളയിൽ രവി മേനോൻ പാടുന്നു
“സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി തളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമേ നീ വന്നു …. ശാലിനി എൻ്റെ കൂട്ടുകാരിയിലെ ആ രംഗം ഒരിക്കൽ കണ്ടവർ എങ്ങനെ മറക്കാൻ .ആ പാട്ടുസീനിൽ രവി മേനോനെ അവതരിപ്പിക്കുന്ന രംഗം ശോഭയുടെ ക്ലോസപ്പ് ഷേട്ടുകൾ അവരുടെ പ്രത്യേകത നിറഞ്ഞ ഭാവങ്ങൾ …. നമിക്കുന്നു മോഹൻ എന്ന സംവിധായകനെ. ആ സിനിമ പുറത്തു വന്ന് 44 കൊല്ലം പിന്നിട്ടിട്ടും ഈ ഗാനത്തെ ആ ചിത്രീകരണത്തെ ആ പ്രണയഭാവത്തെ പിന്നിലാക്കാൻ പിന്നീട്എത്ര ഗാനം പിറന്നിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂ. രവിമേനോനിലൂടെ മോഹൻ സമ്മാനിച്ച ആ പൂർണതയെ മറികടക്കാൻ പിന്നീട് വന്ന സിനിമകളിൽ എത്ര നടൻമാർക്കായി .എന്നിട്ട് നമുക്ക് വിലയിരുത്താം ഈ സംവിധായകനെ .രവി മേനോൻ അന്തരിച്ചു എന്ന വാർത്തയ്ക്കൊപ്പം എല്ലാ ടി.വി ചാനലുകളും കാണിച്ച രംഗവും അതു തന്നെയായിരുന്നു.പത്മരാജൻ്റെ പാർവ്വതിക്കുട്ടി തന്ന കഥയായിരുന്നു തിരശ്ശീലയിലെ മികച്ച പ്രണയ കാവ്യമായി മോഹൻ മാറ്റിയെടുത്തത്.

“പക്ഷേ “സിനിമയിലെ “സൂര്യാംശു ഓരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ ” ജയകുമാർ സാറിൻ്റെ വരികളുടെ ചന്തം പൂർണതയിലെത്തിച്ച രംഗ ചിത്രീകരണം ഏത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുക. ഹൃദയസ്പർശിയായ പ്രത്യേകത രംഗങ്ങളും ,കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഏത് മോഹൻ ചിത്രത്തിലാണ് ഇല്ലാത്തത്. പറയാൻ തുടങ്ങിയാൽ എത്ര പറയേണ്ടി വരും. മലയാള സിനിമ കണ്ട തൻ്റേടിയായ പ്രതിഭ മോഹൻ എന്ന സംവിധായകൻ്റെ, കഥാകാരൻ്റെ , തിരകഥാകൃത്തിൻ്റെ ജ്വലിക്കുന്ന സ്മരണകൾ മലയാള സിനിമയുള്ളിടത്തോളം കാലം നിലനിൽക്കും.നില നിൽക്കട്ടെ.ഈ കുറിപ്പ് എഴുതുമ്പോഴും ഞാൻ കേൾക്കുന്നുണ്ട്.
” ഹിമശൈല സൈകത ഭൂമിയിൽ നിന്നും നീ പ്രണയപ്രവാഹമായി വന്നു …
അതിഗൂഡ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായി
തീർന്നു…
നിമിഷങ്ങൾ തൻ കൈക്കുടന്നയിൽ നീയൊരു നീലാഞ്ജന തീർത്ഥമായി, പുരുഷാന്തരങ്ങളെ കോൾമയിർക്കൊള്ളിക്കും പീയൂഷ വാഹിനിയായി. “. എന്നു തുടങ്ങുന്ന ഗാനം.
എം. ഡി രാജേന്ദ്രൻ്റെ രചനയിൽ ദേവരാജ സംഗീതത്തിൽ മധുരിയുടെ ആലാപനം.
മനസ്സിൽ കാണുന്നുണ്ട് മോഹൻ എന്ന സംവിധായകൻ്റെ അതി മനോഹരമായ ആ ഗാന ചിത്രീകരണം .

മോഹൻ്റെ കയ്യൊപ്പുപതിഞ്ഞ സിനിമകൾ തന്നെയാണ് അദ്ദേഹം ഈ ഭൂമിയിൽ അവശേഷിപ്പിച്ച ഒളിമങ്ങാത്ത അടയാളങ്ങൾ .ആ ശ്രേഷ്ഠമായ കലാസൃഷ്ടികൾ തന്നെയാണ് ഈ കലാകാരൻ്റെ നിത്യസ്മാരകങ്ങൾ എന്നെഴുതി നിർത്തട്ടെ.ആ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ
പ്രണാമം .

സുരേഷ് തെക്കീട്ടിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി