മിൽട്ടൺകെയ്‌സ് : മിൽട്ടൺകെയ്‌സിൽ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ടൂർണ്ണമെന്റിൽ കിരീടങ്ങൾ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തിൽ 13 വയസ്സിനു താഴെ ആർക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പ്‌ ടൂര്ണമെന്റായിരുന്നു മിൽട്ടൺ കെയ്‌സിൽ അരങ്ങേറിയത്.

മലയാളി താരവും ബ്രിട്ടന്റെ ഒളിമ്പ്യനുമായിരുന്ന രാജീവ് ഔസേഫിന്റെ പിൻഗാമികളായി ഈ കുരുന്നുകൾ ബ്രിട്ടനെയും അയർലണ്ടിനെയും പ്രതിനിധീകരിക്കുകയും അവിടുത്തെ ദേശീയ പതാകകൾ ഏന്തുന്ന കാലവും അതിവിദൂരമല്ല എന്നാണ് മിൽട്ടൺ കെയ്‌സിലെ ഓപ്പൺ ചാമ്പ്യൻഷിപ്പ് ടൂർണ്ണമെന്റ് അടിവരയിട്ടു വെളിപ്പെടുത്തുന്നത്. കായിക മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രതിഭകളായവരെ രണ്ടു കാറ്റഗറികളാക്കി ഗോൾഡ് സ്റ്റാർ, ഗോൾഡ് എന്നീ ഗ്രൂപ്പുകളാക്കി മത്സര യോഗ്യത നേടിയവർ മാത്രം മാറ്റുരക്കുന്ന വേദിയാണിത്.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിങ്കിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മറ്റുള്ളവരെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മിടുമിടുക്കരായ മലയാളി കുട്ടികൾ പുറത്തെടുത്തത്.

മലയാളികളുടെ കായികക്ഷമതയുടെയും, മത്സരവേദികളിലെ മാനസിക പിരിമുറുക്കത്തിന്റെയും, റഫറിയിങ്ങിലെ തിരിവുകളെപ്പറ്റിയും വായ് തോരാതെ തോൽവിയെ വിലയിരുത്തി സമാശ്വാസം ഉരുത്തിരിഞ്ഞെടുക്കുന്നവർക്കുള്ള മറുപടികൂടിയാണ് പുതുതലമുറ മത്സരത്തിനുടനീളം വളരെ കൂളായി പുറത്തെടുത്തത് എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖലകളിലും, രാഷ്ട്രീയ രംഗങ്ങളിലും മലയാളികൾ ഉന്നത സ്ഥാനങ്ങളിൽ കയറിപ്പയറ്റുമ്പോളും കായിക രംഗം മലയാളികൾക്ക് അപ്രാപ്യമാണെന്ന തോന്നലാണ് ഇവിടെ പൊളിച്ചെഴുതപ്പെടുക.

മിൽട്ടൺ കെയ്‌സിൽ താമസിക്കുന്ന സുജിത് മഠത്തിൽപറമ്പത്ത്, പൂജാ സുജിത് എന്നിവരുടെ മകനും യു കെ ഒന്നാം നമ്പർ താരവുമായ ആരവ് സുജിത് സിംഗിൾസ് കിരീടവും (ഗോൾഡ് സ്റ്റാർ) ഡബിൾസിൽസിൽ രണ്ടാം സ്ഥാനവും നേടി ടൂർണമെന്റിലെ ഏറെ ശ്രദ്ധനേടിയ താരമായി.

അയർലണ്ടിലെ ഒന്നാം നമ്പർ താരവും, ഡബ്ലിനിൽ താമസിക്കുന്ന ബിനോയ് ജോയ്, ലിന്റാമോൾ ജോയ് എന്നിവരുടെ മകളുമായ നിക്കോളെ ജോയ് സിംഗിൾസിൽ (ഗോൾഡ് സ്റ്റാർ) ഒന്നാം സ്ഥാനവും, ഡബിൾസിലും കിരീടവും കരസ്ഥമാക്കി ചാമ്പ്യൻഷിപ്പിലെ റാണിയായാണ് വേദി വിട്ടത്. അയർലണ്ടിലെ കായിക ലോകം ഉറ്റുനോക്കുന്ന ഭാവി വാഗ്ദാനമാണ് നിക്കോളെ ജോയ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിൽ നിന്നുമുള്ള അന്ന കളത്തിൽ ജോർജ്ജ് പെൺകുട്ടികളുടെ സിംഗിൾസ് ഇനത്തിൽ (ഗോൾഡ്) ഒന്നാം സ്ഥാനം നേടി. ജോർജ്ജ് കളത്തിൽ, ബിബു ജോർജ്ജ് എന്നിവരുടെ മകളും യു കെ യിൽ പത്താം നമ്പർ താരവുമായ അന്ന, നിക്കോളെയുമായി ചേർന്ന് ഡബിൾസിൽസിൽ ഒന്നാം സ്ഥാനവും കൂടി നേടിക്കൊണ്ടു മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

മിക്സഡ് ഡബിൾ‍സിൽ രണ്ടാം സ്ഥാനം നേടികൊണ്ടു യു കെ ആറാം നമ്പർ താരമായ അനീഷ് നായർ മലയാളികളുടെ വിജയങ്ങളിൽ തന്റേതായ വ്യക്തി മുദ്ര ചേർത്തുവെക്കുകയായിരുന്നു. മിൽട്ടൺ കെയ്‌സിൽ നിന്നുള്ള ബ്രിജേഷ് നായർ, യാസ്മി നായർ എന്നിവരുടെ പുത്രനാണ് അനീഷ്.

അനീഷ് നായരുടെ സഹോദരി അശ്വതി നായരും പ്രശസ്ത ബാഡ്മിന്റൺ താരമാണ്. അണ്ടർ 17 കാറ്റഗറിയിൽ യു കെ യിൽ ഒന്നാം റാങ്കുള്ള അശ്വതി 2020 ഫെബ്രുവരി 1 ന് വിൻ‌ചെസ്റ്ററിൽ നടന്ന ബാഡ്മിന്റൺ ഇംഗ്ലണ്ട് നാഷണൽ‌സിൽ അണ്ടർ 19 മത്സരത്തിൽ നാലാം റാങ്കിലുള്ള താരത്തോട് തോറ്റെങ്കിലും വെങ്കല മെഡൽ നേടിയിരുന്നു. അശ്വതി തന്റെ പതിനഞ്ചാം വയസ്സിലാണ് അണ്ടർ 19 ൽ എട്ടാം റാങ്കും, മെഡലും നേടുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

ലണ്ടനിൽ നിന്നുള്ള ജോയൽ ജോബി, ബോയ്സ് സിംഗ്ൾസിൽ (ഗോൾഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജോബി മാത്യു- സിനി തോമസ് എന്നിവരുടെ മകനും പതിമൂന്നാം റാങ്കുകാരനുമാണ് നിലവിൽ കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോയൽ.

സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് (യു കെ യിൽ പതിനഞ്ചാം നമ്പർ) ബോയ്സ് സിംഗിൾസിൽ (ഗോൾഡ്) രണ്ടാം സ്ഥാനം നേടി. സ്റ്റീവനേജിൽ കായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ അനി ജോസഫിന്റെയും, ഗായികയും കലാരംഗത്ത് പ്രശോഭിക്കുന്ന ജീന മാത്യുവിന്റെയും പുത്രനാണ് ജെഫ്. ജെഫ് തന്റെ പഠനേതര സമയം ബാഡ്മിന്റനായാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രവാസി മലയാളികളുടെ അഭിമാനങ്ങളായ ഈ ഭാവി വാഗ്ദാനങ്ങൾ ബാഡ്മിന്റൺ ലോകത്തെ പ്രചോദനമായും, അധിപരായും ഉയരങ്ങളിൽ പറക്കുവാൻ ഇടവരട്ടെയെന്നാശംസിക്കാം.