ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.

ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ മിഷനില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയായേക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.

2025-ല്‍ മനുഷ്യരുള്‍പ്പെടുന്ന പൂര്‍ണ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒ.യും പരിശീലനം നല്‍കി. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു