സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ എട്ട് പേരും രോഗം മറച്ചുവച്ചവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാർ. 16ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശികളാണ് രോഗം മറച്ചുവച്ചത്. ഈ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉടൻ പരിശോധിക്കും. എന്നാൽ യാത്രക്ക് മുൻപും ശേഷവുമുള്ള പരിശോധനയിൽ രോഗം മറച്ചുവച്ചത് എങ്ങനെയെന്നത് ദുരൂഹമാണ്.
കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.
കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തിൽ സഞ്ചരിച്ച 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് കൊല്ലം കാരും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതിൽ തിരുവനന്തപുരത്തെ രണ്ട് പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ രോഗബാധിതർക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടൻ പരിശോധനക്ക് വിധേയമാക്കും.
എന്നാൽ ആന്റിബോഡി ടെസ്റ്റ് നടത്തിയ ശേഷം യാത്ര അനുവദിക്കുന്ന അബുദാബിയിൽ നിന്ന് ഇവർ എങ്ങിനെ രോഗവിവരം മറച്ചു വച്ചുവെന്നത് ദുരുഹമാണ്. തിരുവനന്തപുരത്തെത്തിയ ശേഷം നടത്തുന്ന പരിശോധനയിൽ രോഗമുള്ളവരെ പൊലും കണ്ടെത്തിയില്ലെന്നത് പരിശോധനയുടെ കാര്യക്ഷമതയിലും സംശയമുയർത്തുകയാണ്.
Leave a Reply