കാന്‍ബെറ: സ്തുത്യര്‍ഹ സേവനത്തിനുള്ള ആസ്‌ട്രേലിയയുടെ പരമോന്നത ബഹുമതി മലയാളി ഡോക്ടര്‍ക്ക്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സജീവ് കോശിയ്ക്കാണ് ഓര്‍ഡര്‍ ഓഫ് ആസ്‌ട്രേലിയ പുരസ്‌കാരം ലഭിച്ചത്. വിക്ടോറിയയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നല്‍കിയ സംഭാവനയാണ് നേട്ടത്തിന് പിന്നില്‍. തിരുവനന്തപുരം സ്വദേശിയായ കോശി ഇന്ത്യന്‍ ദെന്തല്‍ അസോസിയേഷന്‍, കേരളാ ദന്തല്‍ കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അന്നുതന്നെ ആഘോഷിക്കപ്പെടുന്ന ആസ്‌ട്രേലിയ ദിനത്തില്‍ കോശി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പരമോന്നത പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍ബറയിലെ ആസ്‌ട്രേലിയന്‍ ദേശീയ സര്‍വകലാശാല പ്രൊഫസര്‍ ചെന്നുപതി ജഗദീഷ്,? ന്യൂ സൗത്ത് വെയ്ല്‍സിലെ നേത്ര ഡോക്ടര്‍ ജയ് ചന്ദ്ര എന്നിവരാണ് മറ്റുള്ളവര്‍.
പരമോന്നത പുരസ്‌കാരം തന്നെ ഒരേസമയം ആവേശഭരിതനും വിനയാന്വിതനുമാക്കുന്നു. എല്ലാ അംഗീകാരവും തന്റെ ടീമിനുള്ളതാണ്. തന്റെ പ്രവൃത്തി അംഗീകരിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ട് ഡോ.സജീവ് കോശി പ്രതികരിച്ചു. നിരന്തര പിന്തുണയ്ക്ക് കുടുംബത്തിനും പ്രത്യേകിച്ച് ഭാര്യയ്ക്കും അദ്ദേഹം നന്ദി പറയുന്നു. ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ കാലം മുതല്‍ വിക്ടോറിയയുടെ പൊതുജനാരോഗ്യ രംഗത്ത് നിര്‍ണ്ണായക പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. ഇത് വിലയിരുത്തി 2007ല്‍ തന്നെ ആദ്യ വിക്ടോറിയാസ് പബ്ലിക് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 2012ല്‍ മികവിനുള്ള വിക്ടോറിയാസ് മള്‍ട്ടി കള്‍ച്ചറല്‍ അവാര്‍ഡ് ലഭിച്ചു. നിലവില്‍ റോയല്‍ മെല്‍ബണ്‍ ഡെന്തല്‍ ഹോസ്പിറ്റലിലെ എന്‍ഡോഡോണ്‍ടിക്‌സ് വിഭാഗം തലവനാണ് ഡോ.കോശി.