ക്രിക്കറ്റിൻെറ ജന്മനാടാണ് യുകെ.  ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായാണ് ഇന്ത്യയിൽ ക്രിക്കറ്റ് കളി പ്രചാരത്തിലായത്.യുകെയിലെത്തി വെറും അഞ്ചു മാസത്തിനുള്ളിൽ ക്രിക്കറ്റിൻെറ ജന്മനാട്ടിൽ ശ്രദ്ധ നേടിയിരിക്കുകയാണ് 13 വയസുകാരിയായ മലയാളി ഈവ് ഇലൈൻ ജോസഫ്. നോർതാംപ്ടൺ കൗണ്ടിയുടെ കഴിഞ്ഞ സീസണിലെ അവാർഡ് ധാന ചടങ്ങിൽ ടോപ് റൺ സ്കോററും ബെസ്ററ് ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളി പെൺകുട്ടി ഈവ് ഇലൈൻ ജോസഫ് ആണ്.

2021 ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ എത്തിയ ഈവ് ഇലൈൻ മെയ് മാസം മുതൽ തന്നെ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ്‌ ക്രിക്കറ്റ് ക്ലബ്ബിൽ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്താണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റിലേക്ക് കാൽവെപ് നടത്തിയത്. ക്ലബ്ബിന്റെ വനിതാടീമിനു വേണ്ടിയും അണ്ടർ 15 ബോയ്‌സ് ടീമിനുവേണ്ടിയും തുടർച്ചയായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെയാണ് ഈവിന് നോർതാംപ്ടൺ കൗണ്ടി അണ്ടർ 13 ഗേൾസ് ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാൻ ഉള്ള അവസരം ഒരുങ്ങിയത്.

 

ജൂൺ അവസാനത്തോടെ കൗണ്ടി ടീമിൽ ഇടം നേടിയ ഈവ്, ആദ്യ കളിയിൽ തന്നെ ഹാഫ് സെഞ്ച്വറിയുമായി ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. പിന്നീട് ചുരുങ്ങിയ കളികളിൽ നിന്നായി 4 ഹാഫ് സെഞ്ച്വറിയോടെ 385 റൺസ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റൺസ് (നോട്ട് ഔട്ട്), 56 റൺസ് എന്നിവയും വാർവിക് ഷയർ കൗണ്ടിക്കെതിരെ നേടിയ 59 റൺസ്, നോർഫോക്കിനെതിരെ നേടിയ 94 റൺസ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റൺ സ്‌കോറർ ആയി ഈവിനെ എത്തിച്ചത്.

ഈ ക്രിക്കറ്റ് സീസൺ അവസാനിക്കുമ്പോൾ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ്‌ ക്രിക്കറ്റ് ക്ലബ്ബിലെ അവാർഡ് ദാന ചടങ്ങിൽ അണ്ടർ 13 വിഭാഗത്തിൽ മോസ്റ്റ് പ്രോമിസിങ് പ്ലേയർ അവാർഡും വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളർ അവാർഡും വനിതകളുടെ സൂപ്പർ 8 ടീമിലെ ബെസ്റ്റ് ബാറ്റെർ അവാർഡും ഈവിന് തന്നെയായിരുന്നു.

നാട്ടിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ് എറണാകുളം ഡിസ്ട്രിക്ട് ടീമിൽ അംഗമായിരുന്നു ഈവ്. ഇംഗ്ലണ്ട് ടീമിൽ ഒരിടം നേടണം എന്നതാണ് ഇപ്പോൾ ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും.