ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.
റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.
ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു.
സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.
അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.
യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.
ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും.
Leave a Reply