ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിൽ കാർ വിൽപ്പനയ്ക്കെന്ന പരസ്യം വിശ്വസിച്ച് ഇടപാട് നടത്തിയ മലയാളിക്ക് യുകെയിൽ £1420 നഷ്ടമായി. ഏകദേശം £2000 വിലയുള്ള കാർ എന്ന പേരിൽ റോതർഹാംമിലെ ഒരു ഗാരേജിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെട്ട വ്യക്തി മുൻകൂറായി പണം ആവശ്യപ്പെടുകയായിരുന്നു. പണം അടച്ചതോടെ ഇൻവോയ്‌സ് ലഭിച്ചെങ്കിലും, പറഞ്ഞ ദിവസം കാർ കൈമാറിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാരേജിന്റെ പേരിൽ മറ്റൊരാൾ നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ റോതർഹാംലെ ഇത്തരത്തിൽ ഒരു കാർ ഗാരേജ് തന്നെ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. സോഷ്യൽ മീഡിയ വഴി നടത്തുന്ന കാർ വിൽപ്പന ഇടപാടുകളിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യകതയിലേയ്ക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. വ്യാജ ഇൻവോയ്സ് നൽകി, മുൻകൂർ പണം ആവശ്യപ്പെടുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷണങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ കാർ വാങ്ങുന്നതിന് മുൻപ് നേരിട്ട് വാഹനം കാണുക, ഗാരേജ് യഥാർത്ഥമാണോ എന്ന് ഗൂഗിൾ മാപ്സ്, കമ്പനീസ് ഹൗസ് രജിസ്ട്രേഷൻ എന്നിവ വഴി പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നോട്ടുവെക്കുന്നത് . മുൻകൂർ പണം ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ തട്ടിപ്പിന്റെ സാധ്യതകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഇത്തരം ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുകയും, ബാങ്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് വിശ്വസനീയമായ രേഖകൾ പരിശോധിക്കുകയും വേണം. സംശയകരമായ ഇടപാടുകൾ കണ്ടാൽ ഉടൻ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ നടക്കുന്ന ഓൺലൈൻ വാങ്ങലുകളിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി യുകെയിലെ ടി.എസ്.ബി ബാങ്ക് നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2023 നവംബറിൽ നടത്തിയ അന്വേഷണത്തിൽ പരിശോധിച്ച പരസ്യങ്ങളിൽ 34 ശതമാനവും വ്യാജമാണെന്ന് ടി.എസ്.ബി കണ്ടെത്തി. കാറുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലാണ് കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത്. മുൻകൂർ പണം ആവശ്യപ്പെടൽ, നേരിട്ട് സാധനം കാണാൻ അനുവദിക്കാതിരിക്കൽ, വ്യാജ വെബ്‌സൈറ്റുകളിലേക്ക് പേയ്മെന്റിന് വഴിതിരിപ്പിക്കൽ തുടങ്ങിയതാണ് പ്രധാന തന്ത്രങ്ങൾ. 2023-ൽ മാത്രം ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ യുകെയിൽ ഏകദേശം 60 മില്യൺ പൗണ്ട് ആണ് പലർക്കായി നഷ്ടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തട്ടിപ്പ് പരസ്യങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ്.