ഗള്‍ഫ് മലയാളിയായ യുവാവാണ് വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ നഗരസഭയിലെ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര്‍ ടി (34)യാണ് ഗള്‍ഫിലെ റസല്‍ ഖൈമായുടെ താമസസ്ഥലത്തിനടുത്ത് സെയില്‍സ് വാഹനത്തിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധന്‍ രാത്രിയിലാണ് സംഭവം.

വ്യാഴാഴ്ച വിവരം ബന്ധുക്കളെ അറിയിച്ചു. രജീഷ് രണ്ടു വര്‍ഷമായി റാസല്‍ഖൈമയില്‍ സെയില്‍സ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. ജനുവരിയില്‍ നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത് സെയില്‍സ് വാഹനത്തിലിരുന്നാണ് രജീഷ് നാട്ടിലുള്ളവരെ ഫോണില്‍ വിളിക്കാറുള്ളത്. പുലര്‍ച്ചെമുറിയില്‍ ഇയാളെ കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കമ്പനിയുടെ മാനേജറായ മലയാളി രജീഷിന്‍റെ വീട്ടില്‍ ഫോണ്‍ വിളിച്ച് 24 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടുവെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ചു രജീഷിന്‍റെ സഹോദരന്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രജീഷിന്‍റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.