ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിന്ന് കാർഡിഫിലേക്ക് താമസം മാറിയ മലയാളി നേഴ്‌സ് അമൃത ചിങ്ങോരത്തിന് (27) അപൂർവമായ ഭാഗ്യം. വെറും മൂന്ന് മാസം മുൻപാണ് അവർ ഭർത്താവിനൊപ്പം കാർഡിഫിലേക്ക് താമസം മാറിയത് . ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയിൽ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആണ് , £398,492 (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവർക്ക് ലഭിച്ചത് .
ഭാഗ്യം തേടി വന്നതിനെ തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോൾ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭർത്താവിനൊപ്പം വിവാഹവാർഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവർക്ക് പദ്ധതിയുണ്ട്. പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും £12.25 അടച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് അവരുടെ താമസ സ്ഥലത്തെ പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തിലാണ്.
എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌കോഡിന് 1 മില്ല്യൺ പൗണ്ട് സമ്മാനത്തുക പ്രഖ്യാപിക്കപ്പെടും. വിജയിച്ച പോസ്റ്റ്‌കോഡിലുള്ള ഓരോ വീട്ടുകാർക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും. കാർഡിഫ് CF10 4EF പോസ്റ്റ്‌കോഡ് വിജയിച്ചതോടെ അമൃതയും മറ്റൊരു അയൽക്കാരനും 3.98 കോടി രൂപ വീതം നേടിയപ്പോൾ, ശേഷിച്ച തുക 166 പേർക്ക് 90,000 മുതൽ 2.5 ലക്ഷം രൂപ വരെയായി ലഭിച്ചു. കഴിഞ്ഞ ആഴ്ച കാർമാർത്തൻഷയറിലെ ഗ്രാമപ്രദേശത്ത് നാല് പേർക്ക് 2.5 കോടി രൂപ വീതം ലഭിച്ചതോടെ, തുടർച്ചയായി രണ്ടാഴ്ചയും വെയിൽസിൽ നിന്നുള്ളവരാണ് വിജയികളായത് . ഈ വിജയത്തിൻ്റെ ഭാഗമായി പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങൾക്കും സഹായം ലഭിച്ചു. പ്രൈഡ് കിംറി, ഒയാസിസ് കാർഡിഫ്, ഗോൾഡീസ് സൈംറു, വെൽഷ് ഡാൻസ് ട്രസ്റ്റ്, ആന്തം മ്യൂസിക് ഫണ്ട്, സബ് സാഹാര അഡ്വൈസറി പാനൽ തുടങ്ങി ആറു സംഘടനകൾക്ക് 50,000 പൗണ്ട് വീതം ലഭിച്ചു. സമൂഹത്തിനായി പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളെ സഹായിക്കാനാകുന്നത് തന്നെ വലിയൊരു സന്തോഷമാണെന്നും അതിനാൽ തന്നെയാണ് ആദ്യമായി പോസ്റ്റ്‌കോഡ് ലോട്ടറിയിൽ പങ്കെടുത്തതെന്നും അമൃത പറഞ്ഞു.
Leave a Reply