മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചു. കേരളത്തിൽ നിന്നുള്ള 35ലധികം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ട്രെയിനിൽ സാഗറിൽ ഇറങ്ങുകയും തുടർന്ന് ബസിൽ കട്‌നിയിലേക്ക് പോകുകയായിരുന്നു. അപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
റെപുരയിലെ ജമുനിയ വളവിന് സമീപത്തുവെച്ചാണ് ബസ് മറിഞ്ഞത്. ബസിന്‍റെ ക്ലീനറാണ് മരിച്ചതെന്നാണ് ആദ്യം ലഭ്യമായ വിവരം. മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുകൂടാതെ ബസിൽ ഉണ്ടായിരുന്ന ഇരുപതോളം വിദ്യാർഥികൾക്കും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ റെപുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കത്നിയിലെ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ മറ്റൊരു അപകടത്തിൽ ബസ് മറിഞ്ഞ് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. ഈ അപകടത്തിൽ 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
ചൻബില പോലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ സാഗർ-ഛത്തർപൂർ റോഡിലെ നിവാർ ഘാട്ടിയിൽ രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് തരുൺ നായക് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്ന് യാത്രക്കാരെ സാഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Leave a Reply