ഡാമില്‍ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടില്‍ ടി.പി.ഹസൈനാര്‍ (60) മകള്‍ നസിയ ഷാരോണ്‍ (28) എന്നിവരാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ മാതടിലമ ഡാമിലാണ് അപകടം സംഭവിച്ചത്. ഡാമിനു സമീപത്തെ പാര്‍ക്കില്‍ കളിക്കുന്നതിനിടെ നസിയയുടെ മകള്‍ ഫൈസ(5) വെള്ളത്തില്‍ വീഴുകയായിരുന്നു. കാഴ്ച കണ്ട് ഓടിയെത്തിയ ഹസൈനാരും നസിയയും കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങി മരിച്ചത്.

ഒഴുക്കില്‍ പെട്ട കുഞ്ഞിനെ പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്തി. ലളിത്പൂര്‍ താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും. കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ലളിത്പുരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണു നസിയ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്.

വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണു ഹസൈനാര്‍. മകള്‍ക്കൊപ്പം താമസിക്കാനാണു ലളിത്പൂരിലെത്തിയത്. നസിയയുടെ ആദ്യ ഇംഗ്ലിഷ് കഥാസമാഹാരം 5 വര്‍ഷം മുന്‍പാണു ആമസോണ്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍ സിനിമാ മേഖലയില്‍ എന്‍ജിനീയറായ ഷാരോണ്‍ ആണ് ഭര്‍ത്താവ്.

ഹസൈനാരും കുടുംബവും വര്‍ഷങ്ങളായി തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് താമസിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുളിമാത്ത് എത്തിക്കും. പുളിമാത്ത് ഗവ.എല്‍ പി.സ്‌കൂള്‍ സീനിയര്‍ അധ്യാപികയായ റാഫിയയാണ് ഹസൈനാരുടെ ഭാര്യ. നാദിയ മറ്റൊരു മകളാണ്. മരുമകന്‍: ഷാരോണ്‍.തുടര്‍ന്ന് വൈകിട്ടോടെ പുളിമാത്ത് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.