സ്‌നേഹനിധിയായി പോറ്റി വളര്‍ത്തിയ അമ്മ ഇനിയില്ല. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മണവാട്ടിയായി കയറി വന്നവളുടെ കൈ കൊണ്ട് അമ്മ ഇല്ലാതാകുന്നത് ആ മകന്റെ മുന്നില്‍ വെച്ചു. അബുദാബിയിലെ ഗയാത്തിയില്‍ സഞ്ജു മുഹമ്മദ് എന്ന യുവാവാണ് ജീവിതത്തില്‍ എല്ലാം തകര്‍ന്ന നിലയിലുള്ളത്. അന്നമൂട്ടി വളര്‍ത്തിയ സ്വന്തം അമ്മയെന്ന സ്‌നേഹത്തെയാണ് ഭാര്യ മുടിയില്‍ പിടിച്ച് താഴെയിട്ട് കൊലപ്പെടുത്തിയത്. തനിക്കിനി ആരുമില്ലെന്നും ലോകത്ത് താന്‍ തനിച്ചായെന്നും വിലപിക്കുകയാണ് സഞ്ജു.
സഞ്ജുവിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് അടുത്ത സുഹൃത്തുക്കളും അയല്‍പക്കത്തുള്ള അറബ് വംശജരും. സഞ്ജുവിന്റെ ഭാര്യയായ ഷജനയുടെ മര്‍ദ്ദനമേറ്റാണ് അമ്മ റൂബി മരിച്ചത്. മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികില്‍ സംസ്‌കരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സഞ്ജു പറയുന്നു.
ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡല്‍ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു. പിന്നെ തന്റെ ജീവിതത്തില്‍ സഞ്ജുവിന് എല്ലാം തന്നെ തന്റെ മാതാവ് റൂബിയായിരുന്നു. ഇതിനിടെയാണ് വിവാഹം സഞ്ജുവിന്റെ വിവാഹം നടക്കുന്നത്. കോട്ടയം പൊന്‍കുന്നം സ്വദേശിനവിയായ ഷജ്‌നയും സഞ്ജുവും തമ്മില്‍ ജനുവരി 25ന് ഓണ്‍ലൈനിലൂടെയാണ് വിവാഹിതയാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ഫെബ്രുവരി 11ന് സന്ദര്‍ശക വീസയില്‍ ഷജ്‌നയും റൂബിയും അബുദാബിയില്‍ എത്തി. വന്നതില്‍പ്പിന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു. തന്നെ പാചകം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പരാതി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം. രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്‌ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയല്‍പക്കത്തുള്ളവര്‍ വാതിലില്‍ തട്ടിയപ്പോള്‍ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയില്‍പിടിച്ച് ഷജ്‌ന തറയില്‍ അടിക്കുന്നതാണ് കണ്ടതത്രെ. ‘എനിക്ക് ഇവിടെ നില്‍ക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി.
Leave a Reply