ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷൻ പ്രവർത്തകർ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ഒരു മലയാളിയെ പിടികൂടിയതായുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോയിൽ സംഭവം നവംബർ 23-നാണ് നടന്നതെന്ന് കാണിക്കുന്നത് . ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം നടത്തിയ സ്റ്റിംഗിൽ കുട്ടിയെന്ന് കരുതി പ്രവർത്തകർ സൃഷ്‌ടിച്ച പ്രൊഫൈലുമായി ലൈംഗിക സംഭാഷണം നടത്തിയതായാണ് അവര്‍ ആരോപിക്കുന്നത്.

സംഭവം നടന്നതിന് ശേഷമുള്ള മണിക്കൂറുകളിൽ തന്നെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സ്റ്റോക്‌പോർട്ടിൽ നിന്നുള്ള ഇയാൾ ഒരു നേഴ്സ് ആണെന്ന് വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സ്വാകാര്യതയെ മാനിക്കുന്നതുകൊണ്ട് വ്യക്തിപരമായ കൂടുതൽ വിവരങ്ങളും ഫോട്ടോയും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാനമായ ഒരു സംഭവത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ പ്രവർത്തിക്കുന്ന എലൂസീവ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടത്തിയ ഓൺലൈൻ സ്റ്റിംഗ് ഓപ്പറേഷനിൽ ഒരു ഇന്ത്യക്കാരനെ നവംബർ 22, 2025-ന് പിടികൂടിയതയുള്ള വിവരങ്ങളും പുറത്തുവന്നു. ഇയാൾ മലയാളി ആണോ എന്ന് വ്യക്തമല്ല . കുട്ടികളെ ഓൺലൈനിൽ ചൂഷണം ചെയ്യുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണത്തിനും മുന്നറിയിപ്പിനുമായി ഈ ദൃശ്യങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് എന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ അറിയിച്ചിരിക്കുന്നത്.

ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന എലൂസീവ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം, ഡിജിറ്റൽ ഡേഞ്ചർ വാച്ച് തുടങ്ങിയ ഗ്രൂപ്പുകൾ പോലീസിന്റെ ഔദ്യോഗിക വകുപ്പുകൾ അല്ലെങ്കിലും, സ്വമേധയാ പ്രവർത്തിക്കുന്ന സ്വകാര്യ സംഘടനകളായി ശ്രദ്ധ നേടി വരുന്നു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രലോഭന പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇവർ ഡികോയ് അക്കൗണ്ടുകൾ ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷനുകൾ നടത്തുന്നത് പതിവാണ്. ശേഖരിക്കുന്ന ചാറ്റ്–വിവരങ്ങളും വീഡിയോ തെളിവുകളും പോലീസിന് കൈമാറിയിട്ട് നിയമനടപടികൾ ആരംഭിക്കാൻ സഹായിക്കുന്നതാണ് ഇവരുടെ പ്രധാന പങ്ക്. അറസ്റ്റ് ചെയ്യുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനും നിയമപരമായ അധികാരം ഇവർക്കില്ല . സമൂഹത്തിൽ ബോധവൽക്കരണവും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് അപകടസാധ്യത നേരിടുന്നത് അപരിചിതരുടെ ഇടപെടലുകളിൽ നിന്നാണ് . കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് തോന്നാവുന്ന തരത്തിലുള്ള ഏതു സംഭാഷണങ്ങളും ഇടപെടലുകളും നിയമനടപടികൾക്ക് വഴിവെക്കും.