മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ തങ്ങിയിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാളുടെ അരയ്ക്ക് താഴോട്ടുള്ള ഭാഗം സ്‌ഫോടനത്തില്‍ വേര്‍പ്പെട്ടു പോയിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പറമടയില്‍ ഇവരെക്കൂടാതെ പതിനഞ്ചോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം മറ്റൊരു കെട്ടിടത്തിലായിരുന്നു താമസം. നാഗയും പെരിയണ്ണയും നാട്ടില്‍ പോയി മടങ്ങി വന്നതിനു പിന്നാലെയാണ് ക്വാറന്റൈനില്‍ പോയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാവണം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇരുവരും മാറിയതെന്നാണ് വിവരം. 1200 സ്‌ക്വയര്‍ ഫീറ്ററോളം വരുന്ന ഈ കെട്ടിടം തറയോളം ഇടിച്ചു നിരത്തപ്പെട്ടതുപോലെ തകര്‍ന്നു പോയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതമാണ് ഇത് കാണിക്കുന്നത്.
അതേസമയം സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട ദുരൂഹത നിലനില്‍ക്കുകയാണ്. തകര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സ്‌ഫോടക വസ്തുക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്. എന്തുകൊണ്ട് ഈ കെട്ടിടത്തിനുള്ളില്‍ വച്ചു എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. റോബിന്‍സണ്‍ എന്നയാളുടെ പേരിലാണ് പാറമടയുടെ ലൈസന്‍സ്. ബെന്നി എന്നയാളാണ് പാറമട നത്തുന്നതെന്നാണ് ഇല്ലിത്തോട് വാര്‍ഡ് മെംബര്‍ സജീവ് ചന്ദ്രന്‍ പറയുന്നത്. ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സജീവ് ചന്ദ്രന്‍ അഴിമുഖത്തോടു പറഞ്ഞു.
എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചും കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നാണ് സജീവ് ചന്ദ്രന്‍ പറയുന്നത്; സ്‌ഫോടനത്തിന്റെ സ്വഭാവംവച്ച് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരിക്കണം. ആ കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞുപോയി. അതിനകത്തായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ആള്‍ താമസമുള്ളിടങ്ങളില്‍ സ്‌ഫോടക വവസ്തുക്കള്‍ സൂക്ഷിക്കരുതെന്നാണ് നിയമം. പിന്നെന്തുകൊണ്ട് ഇവിടെ സൂക്ഷിച്ചു എന്നതടക്കമുള്ള വിവരം കിട്ടണമെങ്കില്‍ ഉടമകള്‍ കാര്യങ്ങള്‍വെളിപ്പെടുത്തണം’
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറമടയായിരുന്നു ഇതെന്നും പഞ്ചായത്ത് അംഗം പറയുന്നു. അതേസമയം പാറമടയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധവും നിലനിന്നിരുന്നു. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പാറമട അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ ഈ ആവശ്യം ശക്തമായിട്ടുമുണ്ട്. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
Leave a Reply