മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുന്‍ കപ്യാര്‍ ജോണി കുത്തിയതെന്ന് പൊലീസ്. അതിനുവേണ്ടിയാണ് കുരിശുമല കയറിയതും കത്തി കരുതിയതെന്നും പോലീസ് വ്യക്തമാക്കി. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.
പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ ഇന്നലെയാണ് പിടികൂടിയത്. കുരിശുമുടി പാതയില്‍ കാട്ടില്‍ നിന്നാണു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ പൊലീസ് കളമശേരി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചുമന്നു താഴ്വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.
Leave a Reply