ലണ്ടന്‍∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് അറസ്റ്റ് ചെയ്തത്. മല്യയെ മെട്രോപ്പൊലീറ്റന്‍ കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിലേക്കു നാടുകടത്തണോ എന്ന കാര്യത്തില്‍ കോടതിയാവും തീരുമാനമെടുക്കുക. ഇന്നു പുലര്‍ച്ചെയാണ് ബ്രിട്ടീഷ് പൊലീസ് മല്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണു വിജയ് മല്യ രാജ്യം വിട്ടത്.
യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് ചെയർമാൻ വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. മല്യയെ ബ്രിട്ടനില്‍നിന്നു തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയിരുന്നു. മല്യയെ മടക്കികൊണ്ടുവരാനായി ഇന്ത്യ-യുകെ സംയുക്ത നിയമസഹായ കരാര്‍ (എംഎല്‍എടി) പ്രാവര്‍ത്തികമാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം അംഗീകരിച്ച മുംബൈ പ്രത്യേക കോടതി വിധിയും ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നു.
സ്വത്തു കൈമാറ്റം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തരുതെന്ന ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ (ഡിആർടി) ഉത്തരവു ലംഘിച്ചതിന് വിജയ് മല്യയ്ക്കെതിരെ കർണാടക ഹൈക്കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജൂൺ ഒന്നിനകം മല്യയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ലണ്ടനിലെ മേൽവിലാസത്തിലേക്കാണു വാറന്റ് അയച്ചിരുന്നത്. ജസ്റ്റിസുമാരായ ബി.എസ്.പാട്ടീലും ബി.വി.നാഗരത്നയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജനുവരി 27ന് ഇതേ കോടതി മല്യയുടെ ബെംഗളൂരു വിലാസത്തിലേക്ക് അയച്ച അറസ്റ്റ് വാറന്റ് കൈപ്പറ്റാത്ത പശ്ചാത്തലത്തിലാണു പുതിയ വാറന്റ്.
വിജയ് മല്യയ്ക്കും മകൻ സിദ്ധാർഥ് മല്യയ്ക്കും യുണൈറ്റഡ് ബ്ര്യൂവറീസിലുള്ള ഓഹരികൾ ബ്രിട്ടിഷ് മദ്യക്കമ്പനിയായ ഡിയാജിയോയ്ക്കു കൈമാറില്ലെന്നു ട്രൈബ്യൂണലിനു 2013ൽ ഉറപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നൽകിയ കോടതിയലക്ഷ്യ കേസിലാണു ഹൈക്കോടതി നടപടി. കേസ് കഴിഞ്ഞ മൂന്നിനു പരിഗണിച്ചപ്പോൾ, മല്യ ലണ്ടനിലായതിനാൽ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നു ബെംഗളൂരു പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണു ലണ്ടനിലെ വിലാസത്തിലേക്കു വീണ്ടും വാറന്റ് അയച്ചത്.
ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 9000 കോടി രൂപ വായ്പക്കുടിശിക വരുത്തിയ കേസിൽ, കോടതി മുൻപാകെ നേരിട്ടു ഹാജരാകണമെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജയ് മല്യ നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ ഡിസംബർ രണ്ടിനു തള്ളിയിരുന്നു.
Leave a Reply