സാലിസ്ബറിയിലെ വില്‍റ്റ്ഷയര്‍ കത്തീഡ്രലില്‍ നിന്ന് 1215ല്‍ തയ്യാറാക്കിയ മാഗ്ന കാര്‍ട്ടയുടെ ഒറിജിനല്‍ മോഷ്ടിക്കാന്‍ ശ്രമം. മാഗ്ന കാര്‍ട്ട ഉടമ്പടിയുടെ രേഖ സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ് ബോക്‌സ് മോഷ്ടാവ് തകര്‍ത്തു. ഇതോടെ അലാമുകള്‍ മുഴങ്ങുകയും മോഷണത്തിന് ശ്രമിച്ചയാള്‍ പിടിയിലാകുകയും ചെയ്തു. സന്ദര്‍ശകനായി എത്തിയ 45 കാരനാണ് ചരിത്ര രേഖ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. ഒരു ചുറ്റിക ഉപയോഗിച്ചാണ് ഇയാള്‍ രേഖയുടെ സംരക്ഷണ കവചം തകര്‍ക്കാന്‍ ശ്രമിച്ചത്. കത്തീഡ്രലില്‍ നിന്ന് സുരക്ഷാ അലാം മുഴങ്ങുന്നത് കേട്ടുവെന്നും നിമിഷങ്ങള്‍ക്കകം ഒരാളെ പിടികൂടിയത് കണ്ടുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ചിലര്‍ തമ്മില്‍ തല്ലുന്നതായാണ് തോന്നിയതെന്നും എന്നാല്‍ സംഘട്ടനം തുടര്‍ന്നപ്പോള്‍ ഒരാളുടെ കയ്യില്‍ നിന്ന് ചുറ്റിക താഴെ വീഴുന്നത് കണ്ടുവെന്നും പിന്നീട് ഇയാളെ മറ്റുള്ളവര്‍ കീഴ്‌പ്പെടുത്തുന്നത് കണ്ടുവെന്നും ദൃക്‌സാക്ഷിയായ സ്ത്രീ സാലിസ്ബറി ജേണലിനോട് പറഞ്ഞു.
ദൃക്‌സാക്ഷികള്‍ വിവരിച്ച ലക്ഷണങ്ങളോടു കൂടിയ ഒരു 45കാരനാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ മെല്‍ക്ക്ഷാമില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മാഗ്ന കാര്‍ട്ടയ്ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. സംഭവത്തിനു ശേഷം ഈ ചരിത്ര രേഖ കത്തീഡ്രലില്‍ പൊതു പ്രദര്‍ശനത്തില്‍ നിന്നു മാറ്റി. കത്തീഡ്രലിന്റെ ചാപ്റ്റര്‍ ഹൗസിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. മാഗ്ന കാര്‍ട്ട ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി പ്രദര്‍ശിപ്പിക്കുമെന്ന് കത്തീഡ്രല്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇംഗ്ലീഷ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖയാണ് മാഗ്ന കാര്‍ട്ട എന്ന ലാറ്റിന്‍ പേരില്‍ അറിയപ്പെടുന്ന ഉടമ്പടി. ഗ്രേറ്റ് ചാര്‍ട്ടര്‍ എന്നാണ് ഇതിന്റെ പരിഭാഷ. മധ്യകാല ഇംഗ്ലണ്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയത് ഈ ഉടമ്പടിയാണ്. 1215ല്‍ തയ്യാറാക്കിയ ഇതിന്റെ നാലു പ്രതികള്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. ഇവയില്‍ കേടുപാടുകളൊന്നുമില്ലാതെ സംരക്ഷിക്കപ്പെടുന്ന ഏക പ്രതിയാണ് സാലിസ്ബറി കത്തീഡ്രലില്‍ ഉള്ളത്.
Leave a Reply