ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ ഷെയറിലെ ഒരു സമ്മർ ക്യാമ്പിൽ കുട്ടികളുടെ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്തുവെന്ന ആരോപണത്തിൽ 76 വയസ്സുകാരനായ പ്രതിയെ കസ്റ്റഡിയിൽ വിട്ട് കോടതി. സ്റ്റാതേൺ ഗ്രാമത്തിലെ സ്റ്റാതേൺ ലോഡ്ജിലാണ് സംഭവം നടന്നത്. സംഭവത്തിൽ എട്ട് കുട്ടികളെയും ഒരു മുതിർന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെയെല്ലാം പിന്നീട് ഡിസ്ചാർജ് ചെയ്തു.
നോട്ടിംഗ്ഹാം ഷെയറിലെ റഡിംഗ്ടണിലെ ലാൻഡ്മെയർ ലെയ്നിൽ താമസിക്കുന്ന ജോൺ റൂബന്‍ കുട്ടികളോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ ലഭിച്ചത്. അന്വേഷണത്തിൽ പ്രതി മൂന്ന് ആൺകുട്ടികളെ ഉപദ്രവിച്ചതായാണ് കണ്ടെത്തിയത് . ജൂലൈ 25നും 29നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. ലെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച നടന്ന കോടതി വാദത്തിൽ പ്രതി കുറ്റാരോപണങ്ങൾ നിഷേധിച്ചിരുന്നു.
കുട്ടികളെ അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക, മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളാണ് ജോൺ റൂബന്‍ എതിരെ ചുമത്തിയിരിക്കുന്നത്. സമ്മർ ക്യാമ്പിലെ കുട്ടികൾക്ക് അസുഖം ബാധിച്ചതായി ഞായറാഴ്ച ലഭിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് രോഗബാധിതരായത്. ആരോഗ്യനില മോശമായതിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 29 ന് റൂബനെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. അതേസമയം പരാതിക്ക് പിന്നാലെ പോലീസ് എങ്ങനെ കേസ് കൈകാര്യം ചെയ്തെന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കൺടക്ട് ( IOPC) അന്വേഷിക്കും.
Leave a Reply