ന്യൂസ് ഡെസ്ക്, മലയാളം യുകെ
1967 ജൂൺ 28 ന് ആണ് ബ്രിസ്റ്റലിലെ ഈസ്റ്റണിലുള്ള ബ്രിട്ടാനിയ റോഡിൽ 75 വയസ്സുള്ള ലൂയിസ ഡുന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ലിവിംഗ് റൂമിലെ തറയിൽ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട ലൂയിസ ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു. ആറു പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന ഈ കേസിൽ 92 വയസ്സുള്ള റൈലാൻഡ് ഹെഡ്ലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡുന്നിനെ കൊലപ്പെടുത്തിയപ്പോൾ അയാൾക്ക് 30 വയസായിരുന്നു പ്രായം. ഹെഡ്ലിയെ 2024 നവംബറിൽ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു . 2024 നവംബറിൽ കുറ്റം ചുമത്തിയപ്പോൾ ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹെഡ്ലി നിഷേധിച്ചിരുന്നു.
ചൊവ്വാഴ്ച രണ്ട് കുറ്റകൃത്യങ്ങൾക്കും അയാൾക്ക് ശിക്ഷ വിധിക്കും. 58 വർഷം മുമ്പ് ഡുന്നിന്റെ മരണം അന്വേഷിക്കാൻ പോലീസ് ശ്രമിച്ചിട്ടും പ്രതിയെയും കണ്ടെത്താനായിരുന്നില്ല. അക്കാലത്ത് പുരുഷന്മാരിൽ നിന്നും ആൺകുട്ടികളിൽ നിന്നും ഏകദേശം 19,000 വിരലടയാളങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് ഏകദേശം 8,000 വീടുതോറുമുള്ള അന്വേഷണങ്ങളും 2,000 മൊഴികൾ എടുക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഏവോൺ ആൻഡ് സോമർസെറ്റ് പോലീസ് കേസ് പുനഃപരിശോധിച്ചപ്പോഴാണ് ബീജം അടങ്ങിയ ഒരു സ്വാബിന്റെ ഡിഎൻഎ പരിശോധനയിൽ ഹെഡ്ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. യുകെയിൽ പരിഹരിച്ച ഏറ്റവും പഴയ കോൾഡ് കേസാണിതെന്ന് വിശ്വസിക്കപ്പെടുന്നതായി ഡെറ്റക്റ്റീവ് ഇൻസ്പെക്ടർ മാർച്ചന്റ് പറഞ്ഞു.
Leave a Reply