ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.

കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.

ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.