ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ നിറയെ കഠിനമായ ഉപദ്രവം ഏറ്റതിന്റെ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഞായറാഴ്ച വിരാലിലെ സീകോമ്പിലെ ഒരു വീട്ടിൽ കുഞ്ഞിനെ കണ്ടെത്തിയതായി മെർസിസൈഡ് പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായിട്ടുണ്ട്. ഇവരും കുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർ കുട്ടിയുടെ മാതാപിതാക്കൾ ആണെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന. കുട്ടിക്ക് ഗുരുതരമായ മുറിവുകൾ ശരീരത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച ഉച്ചയോടെ പെർസി റോഡിലെ ഒരു കുട്ടിക്ക് ഗുരുതരമായ മർദ്ദനമേറ്റതായുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഉടൻതന്നെ പോലീസും പാരാമെഡിക്‌സും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സീകോംബ് സ്വദേശികളായ ക്ലെവി പിർജാനി (36), നിവാൾഡ സാൻ്റോസ് പിർജാനി (33) എന്നിവർക്കെതിരെ ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിക്കുകയും മനഃപൂർവം മുറിവേൽപ്പിക്കുകയും ചെയ്‌ത കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഇവരെ ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വിട്ടു. ഇവരെ വീണ്ടും ഡിസംബർ 23 ന് ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കും എന്നാണ് അറിയാൻ സാധിച്ചത്.


യുകെയിൽ കുട്ടികളെ മാതാപിതാക്കൾ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ചിൽഡ്രൻസ് ആക്ട് 1989 , 2004 എന്നിവ പോലുള്ള നിയമ നിർമ്മാണങ്ങൾ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ശിശുക്ഷേമത്തിന് മുൻഗണന നൽകുന്നതുമാണ്. ഇത്തരം കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന രക്ഷിതാക്കൾക്കോ ​​പരിചരിക്കുന്നവർക്കോ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഏതെങ്കിലും രീതിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങളെ കുറിച്ച് സൂചന ലഭിച്ചാൽ ഉത്തരവാദപെട്ടവരെ അറിയിക്കണമെന്ന് സ്കൂൾ അധികൃതർ, ആരോഗ്യപരിപാലന വിദഗ്ധർ ഉൾപ്പെടെയുള്ളവർക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.